കാഞ്ഞങ്ങാട് : സപര്യ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ മഹാകവി അക്കിത്തം ജന്മശതാബ്ദി സമാപന സമ്മേളനം കാവ്യശതം എന്ന പേരില്‍ നടക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 125 കവികള്‍ കവിത അവതരിപ്പിക്കുന്ന പരിപാടി മാര്‍ച്ച് 22 ന് കാഞ്ഞങ്ങാട് മിംടെക് മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്ക് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനവും അക്കിത്തം അനുസ്മരണ ഭാഷണവും നടത്തും. പോത്താംകണ്ടം ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതി ദീപപ്രോജ്ജ്വലനം നടത്തും. സുകുമാരന്‍ പെരിയച്ചൂര്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ യുവകവി ജയകൃഷ്ണന് മാടമനയുടെ അശരീരി കവിതാസമാഹാരം, സപര്യയുടെ വിവേകാനന്ദ സപര്യ കവിതാ സമാഹാരം പ്രകാശനം ചെയ്യും. ഡോ: ആര്.സി. കരിപ്പത്ത്, ഇവി ജയകൃഷ്ണന്,സി പി ചന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. ഉദ്ഘാടന സഭയില്‍ പ്രശസ്ത കവികളായ സുറാബ് , മാധവന് പുറച്ചേരി, ബാലഗോപാലന് കാഞ്ഞങ്ങാട്, പ്രേമചന്ദ്രന് ചോമ്പാല, സി.പി. ശുഭ , പ്രാപ്പൊയില്‍ നാരായണന്, തുടങ്ങിയവര്‍ കവിത അവതരിപ്പിക്കും. ഡോ: ആനന്ദകൃഷ്ണന് എടച്ചേരി കാവ്യശത ത്തിന്റെ മോഡറേറ്റര്‍ ആയിരിക്കും. ചടങ്ങില്‍ മോട്ടിവേഷന്‍ സ്വീക്കര്‍ ബാലചന്ദ്രന് കൊട്ടോടിയുടെ ഓടക്കുഴല്‍ വാദനവും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാലു വരെയാണ് കാവ്യശതം പരിപാടിയെന്ന് സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരന്‍ പെരിയച്ചൂര്‍, സപര്യ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ: ആനന്ദകൃഷ്ണന് എടച്ചേരി സപര്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ പട്ടേന, ട്രഷറര്‍ കുഞ്ഞപ്പന് തൃക്കരിപ്പൂര്‍ അറിയിച്ചു.
