നീലേശ്വരത്ത് രണ്ട് പ്രതിവാര ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പ്
നീലേശ്വരം: നീലേശ്വരത്തിന്റെ ദീര്‍ഘകാലമായുള്ള യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി രണ്ട് പ്രധാന പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടി നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. നീലേശ്വരം റെയില്‍വേ ഡെവലപ്‌മെന്റ് കളക്ടീവിന്റെ (എന്‍.ആര്‍.ഡി.സി) നിരന്തരമായ പരിശ്രമങ്ങളുടെയും സമ്മര്‍ദ്ദത്തിന്റെയും ഫലമാണ് ഈ നേട്ടം. 11097/11098 എറണാകുളം – പുണെ പൂര്‍ണ എക്‌സ്പ്രസ്, 16621/16622 രാമേശ്വരം – മംഗളൂരു പ്രതിവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ രാമേശ്വരം എക്‌സ്പ്രസിന് കാസര്‍കോട് വിട്ട് കഴിഞ്ഞാല്‍ ഇനി നീലേശ്വരത്ത് മാത്രമാണ് സ്റ്റോപ്പുള്ളത്. കണ്ണൂര്‍ – കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നീലേശ്വരത്ത് മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചിരിക്കുന്നത് എന്നത് ഈ സ്റ്റേഷന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
എട്ട് പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങളുടെ ഏകാശ്രയമാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റമാണ് നീലേശ്വരത്തുണ്ടായത്. പുതിയ കെട്ടിടങ്ങള്‍, പുതിയ പാര്‍ക്കിങ് ഏരിയകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ മലയോര ജനതയുടെ ഏക ആശ്രയവും കേന്ദ്രവുമാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍. മഹാത്മാഗാന്ധിയുടെ നീലേശ്വരം സന്ദര്‍ശന ശതാബ്ദി വര്‍ഷത്തില്‍ റെയില്‍വേ നല്‍കിയ ഈ അംഗീകാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എന്‍.ആര്‍.ഡി.സി ഭാരവാഹികള്‍ വ്യക്തമാക്കി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നീലേശ്വരത്തിന്റെ യാത്രാസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

