തേജസ്വിനി പുഴയിലെ ജലചൂഷണത്തിനെതിരെ ജനരോഷം; നിര്‍മാണം തടഞ്ഞ് ജനകീയ മാര്‍ച്ച്

മുക്കട: തേജസ്വിനി പുഴയില്‍നിന്ന് പ്രതിദിനം കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പള്ളിപ്പാറയിലേക്ക് നടത്തിയ ജനകീയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര് പങ്കെടുത്തു.
പദ്ധതി നടപ്പായാല്‍ കയ്യൂര്‍-ചീമേനി, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ തീരദേശ മേഖലകളില്‍ രൂക്ഷമായ ജലക്ഷാമമുണ്ടാകുമെന്നാണ് സമരസമിതിയുടെ ആശങ്ക. പ്രതിദിനം രണ്ട് കോടി ലിറ്റര്‍ വെള്ളം പുഴയില്‍നിന്ന് ശേഖരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വേനല്‍ക്കാലത്ത് ഇത് മൂന്ന് കോടി ലിറ്റര്‍ കവിയുമെന്നും സമരസമിതി ചൂണ്ടിക്കാട്ടി. കെ. സുകുമാരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.വി. രമേശന് അധ്യക്ഷനായി.ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം. ചന്ദ്രന്, പഞ്ചായത്ത് അംഗം എം.വി. പത്മാവതി, കെ. കരുണാകരന് എന്നിവര്‍ സംസാരിച്ചു.പള്ളിപ്പാറ ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് കെ. വി. ബാബു,വി. അമ്പൂഞ്ഞി ,അശോകന് പെരിങ്ങാര,അനില്‍ മന്നച്ചംവയല് , വി . ജി . അനീഷ് ,കെ. ശശി,എന്‍. രാജന്,എന്‍ . വിനോദ് ,അനില്‍ കല്യാണി ,എന്‍. കെ. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്കി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും നിര്‍മാണം തുടരാന്‍ സമരസമിതി അനുവദിച്ചില്ല. നിര്‍മാണം നിര്‍ത്തിവെച്ചില്ലെങ്കില്‍ നവംബര്‍ മൂന്നിന് കുടിവെള്ള ടാങ്ക് നിര്‍മാണ സ്ഥലത്ത് ജനകീയ താഴിട്ട് പൂട്ടുമെന്ന് തേജസ്വിനി പുഴ സംരക്ഷണ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. കെ.വി. രമേശനും എം. ചന്ദ്രനും അറിയിച്ചു.

