കാഞ്ഞങ്ങാടിന്റെ സ്വന്തം സിനിമ: ‘കാതല്‍ ബോതൈ’ നാളെ തിയേറ്ററുകളിലേക്ക്

കാഞ്ഞങ്ങാട്: തെക്കുമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ മധുസൂദനന്‍ തെക്കുമ്പാട്ട് നിര്‍മ്മിച്ച് മഹിങ്കര്‍ കേച്ചേരിയും സുഭാഷ് ശിവയും സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘കാതല്‍ ബോതൈ’ ഒക്ടോബര്‍ 30ന് തമിഴ്നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും. മദ്യവും മയക്കുമരുന്നും പകയും മൂലം ജീവിതം തുലച്ച പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചു മിടുക്കി മീനാക്ഷി മധു എന്ന മീനൂസ് ഇരിയയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദി ഹൈഡ്, ഒരുമ്പെട്ടവന്‍, വിസ്താ വില്ലേജ് എന്നീ സിനിമകളിലും നിരവധി ഹ്രസ്വചിത്രങ്ങളിലും നാടകങ്ങളിലും ശ്രദ്ധേയയായ, സ്‌കൂള്‍ കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കലാകാരിയാണ് മീനാക്ഷി. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് പരിസര പ്രദേശങ്ങളിലുള്ള കലാകാരന്മാരാണ് ചിത്രത്തില്‍ പ്രധാനമായും അണിനിരക്കുന്നത്. സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും നിരവധി സിനിമകളില്‍ വേഷമിട്ട താരവുമായ മുകേഷ് ഒ എം ആര്‍, രജനി ദേവി, ആര്‍.സി. ശശി ആറാട്ടുകടവ്, ഉണ്ണി ബാനം, സുകുമാരന്‍ കാലിക്കടവ് (പറക്കളായി), തമ്പായി അമ്മ മോനാച്ച, അനില്‍ കൈലാസം, സജിന്‍ കൃഷ്ണ, വത്സരാജ്, സുമ പ്രമോദ്, പുഷ്പ തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി മനോഹരമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആര്‍ട്ട് – മുത്തുരാജ്, സംഗീതം – ഷാരുജന്‍ ആന്റ് മഹീന്ദ്ര രാജ്, എഡിറ്റിംഗ് – വിഷ്ണു കീഴൂര്‍, ക്യാമറ – ശുഭാഷ് ശിവ, കഥ – മഹിങ്കര്‍ കേച്ചേരി.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ജയേഷ് മുളവന്നൂര്‍, അഭയന്‍വാഴക്കോട്. വ്യത്യസ്തമായ പ്രമേയവും കാഞ്ഞങ്ങാടിന്റെ മണ്ണില്‍ നിന്നുള്ള കലാകാരന്മാരുടെ കൂട്ടായ്മയുമായി എത്തുന്ന ‘കാതല്‍ ബോതൈ’ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

