ചെറുവത്തൂരില്‍ ‘ടെറിയേഴ്സ് ഭവന്’ ഉദ്ഘാടനം നവംബര്‍ 1ന്

ചെറുവത്തൂര്‍: കോഴിക്കോട് ആസ്ഥാനമായ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന് ടി.എയിലെ വിരമിച്ച കാസര്‍കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കാസര്‍കോട് ജില്ലാ ടെറിട്ടോറിയല്‍ ആര്‍മി ബ്രദേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആസ്ഥാന മന്ദിരം ‘ടെറിയേഴ്സ് ഭവന്’ നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും.ചെറുവത്തൂര്‍ കൊത്തങ്കരയിലാണ് ആസ്ഥാന മന്ദിരം. കേരളപ്പിറവി ദിനവും 122 ടി.എയുടെ റൈസിംഗ് ദിനവുമായ നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം. 122 ടി.എ ബറ്റാലിയന്റെ മുന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ബ്രിഗേഡിയര്‍ പി.വി. സഹദേവന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത 122 ടി.എയിലെ സൈനികരെയും വീര്നാരികളെയും ആദരിക്കും. സംഘടനയിലെ അംഗങ്ങളുടെ മക്കളില്‍ കലാ-കായിക-വിദ്യാഭ്യാസ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.

