ക്ഷേത്രവും നാടും കൈകോര്‍ത്തു; വെളിച്ചപ്പാടന് സ്വപ്നവീടൊരുങ്ങി

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകന്‍ കൊട്ടാരം പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ചാമുണ്ഡിയമ്മയുടെ നര്‍ത്തകന്‍ കൃഷ്ണന്‍ വെളിച്ചപ്പാടന് ക്ഷേത്രവും നാടും ചേര്‍ന്ന് വീടൊരുക്കി നല്‍കി.ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ക്ഷേത്ര കമ്മിറ്റി, വാല്യക്കാര്‍, മാതൃസമിതി, നാട്ടുകാര്‍, ക്ഷേത്ര പ്രവാസി കൂട്ടായ്മ എന്നിവരുടെ കൂട്ടായ്മയിലാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. കുടുംബത്തിന്റെ കഷ്ടപ്പാടും വാസയോഗ്യമല്ലാത്ത വീടും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുത്ത് പുനരുദ്ധാരണ കമ്മിറ്റി ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയത്. നേരത്തെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുടിവെള്ളത്തിനായി കിണറും നിര്‍മ്മിച്ചു നല്‍കിയിരുന്നു. ഗൃഹപ്രവേശന ചടങ്ങില്‍ ക്ഷേത്ര സ്ഥാനികര്‍, ആചാരക്കാര്‍, കാലുവരക്കാര്‍, ക്ഷേത്ര കമ്മിറ്റി, പുനരുദ്ധാരണ കമ്മിറ്റി, വിവിധ സബ് കമ്മിറ്റികള്‍, പ്രാദേശിക കൂട്ടായ്മകള്‍, വാല്യക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് വി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി കണ്‍വീനര്‍ എം.വി. രാജന്‍ സ്വാഗതം പറഞ്ഞു. ടി.വി. രത്‌നാകരന്‍, വി.വി. ഉപേന്ദ്രന്‍, ഇ.വി. സുജാത എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പായസ വിതരണവും നടന്നു.

