കാസര്കോട്: ട്രെയിനില് നിന്ന് മൊബൈല് ഫോണ് മോഷ്ടിച്ച കേസില് കാസര്കോട് റെയില്വേ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയില് നിന്ന് നിരവധി മോഷണമുതലുകള് കണ്ടെത്തി. ട്രെയിന് നമ്പര് 16345 നേത്രാവതി എക്സ്പ്രസില് നിന്ന് മൊബൈല് ഫോണ് മോഷണം പോയ കേസില് ഒക്ടോബര് 7ന് കാസര്കോട് റെയില്വേ പോലീസ് അറസ്റ്റ് ചെയ്ത കാസര്കോട് പന്നിപ്പാറ മുട്ടത്തോടി സ്വദേശി കെ.അബ്ദുള്ള (63) എന്നയാളില് നിന്നാണ് മുതലുകള് കണ്ടെത്തിയത്. ആഗസ്റ്റ് 28ന് നേത്രാവതി എക്സ്പ്രസില് നിന്ന് മൊബൈല് മോഷണം പോയ കേസിലും ഇയാള് പ്രതിയാണ്. നിലവില് കാഞ്ഞങ്ങാട് ജില്ലാ ജയിലില് കഴിയുന്ന പ്രതിയെ കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നിരവധി ട്രെയിനുകളില് നിന്ന് മൊബൈല് ഫോണുകളും പാസ്പോര്ട്ടും മോഷ്ടിച്ചതായി സമ്മതിച്ചത്. ഇതിന്റെ അടിസ്ഥാനത്തില് പ്രതിക്കെതിരെ അഞ്ചോളം കളവ് കേസുകള് രജിസ്റ്റര് ചെയ്ത് കാസര്കോട് റെയില്വേ പോലീസ് അന്വേഷണം ആരംഭിച്ചു.
