തായന്നൂര്: ആദിവാസി വിഭാഗത്തിന്റെ തനത് കലകളും സംസ്കാരവും പുതുതലമുറയ്ക്ക് പകര്ന്നു നല്കിയ തായന്നൂര് കുറ്റിയടുക്കം ഊരിലെ കല്ലാളന് മൂപ്പന് (85) അന്തരിച്ചു. തെയ്യം കലാകാരനും മംഗലംകളി കലാകാരനുമായിരുന്നു വിടപറഞ്ഞ കല്ലാളന് മൂപ്പന്. അന്യം നിന്നുപോയ എരിതുകളിയും പഴയകാല ഗോത്രപ്പാട്ടുകളുമടക്കം നിരവധി കലാരൂപങ്ങള് മൂപ്പന് പുതുതലമുറയ്ക്ക് കൈമാറിയിരുന്നു. മൂപ്പന് രക്ഷാധികാരിയായിരുന്ന തായന്നൂരിലെ ഗോത്രബന്ധു കലാസമിതിക്കും ഗവേഷക വിദ്യാര്ത്ഥികള്ക്കും താല്പര്യമുള്ളവര്ക്കും അദ്ദേഹം ഈ അറിവുകള് പകര്ന്നുനല്കി. വയസ്സേറെയായിട്ടും ശാരീരിക അവശതകള് വകവെക്കാതെ ഇത്തരം വേദികളില് സജീവമായിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്റ്റംബറില് വേങ്ങച്ചേരി ഊരില് നടന്ന നാട്ടുപറയത്തിലും പാട്ടും കാട്ടറിവുകളും പകര്ന്ന് മൂപ്പന് സജീവമായി പങ്കെടുത്തിരുന്നു.
തെയ്യം കലാകാരന് കൂടിയായ മൂപ്പന്റെ മൃതദേഹത്തില് തെയ്യത്തിന്റെ മുഖത്തെഴുത്ത് നടത്തി. തലപ്പാളിയും കാല്ച്ചിലമ്പുമടക്കമുള്ള ആടയാഭരണങ്ങളും ചാര്ത്തിയാണ് ഊരുനിവാസികള് മൂപ്പനെ യാത്രയാക്കിയത്.
ഭാര്യ: എലുമ്പിച്ചി. മക്കള്: നാരായണന്, സുനിത, രാഘവന്. മരുമക്കള്: രമ, കുഞ്ഞിരാമന്, വിമല. സഹോദരങ്ങള്: ശാന്ത , പരേതരായ കൊട്ടന്, കല്യാണി.
