മാവുങ്കാല്‍: ഭിന്നശേഷിക്കാരനായ യുവാവിന്റെ കുഞ്ഞു ആഗ്രഹം സഫലമാക്കി ബാലഗോകുലം പ്രവര്‍ത്തകര്‍.
നെല്ലിത്തറ പുലയനടുക്കത്തെ സതീശന്‍ – പ്രീത ദമ്പതികളുടെ മൂത്ത മകന്‍ നിധിഷ് (24) ആണ് ജന്മാഷ്ടമി ദിനത്തില്‍ ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയത്.സംഘഅനുഭാവിയായ പിതാവ് സതീശനും സഹോദരന്‍ മനീഷും എല്ലാ പരിപാടികളിലും സജീവമാണെങ്കിലും, നിധിഷിനെ തനിച്ചാക്കി പോകാന്‍ കഴിയാത്തതിനാല്‍ അമ്മ പ്രീതയ്ക്ക് അതെല്ലാം ദൂരക്കാഴ്ച മാത്രമായിരുന്നു. ജന്മാഷ്ടമി ആഘോഷത്തിന് ക്ഷണിക്കാന്‍ സംഘപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മ പ്രീത പറഞ്ഞത് – ‘നിധിഷിനെ തനിച്ചാക്കി വരാന്‍ പറ്റില്ല’. കാര്യം അറിഞ്ഞതും ഘോഷയാത്രയില്‍ പങ്കെടുക്കണമെന്ന് നിധിഷ് ആഗ്രഹം പ്രകടിപ്പിച്ചു. ആ ആഗ്രഹം ബാലഗോകുലം പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ഇടയ്ക്ക് നെല്ലിത്തറ ചൈതന്യ ബാലഗോകുലത്തില്‍ പങ്കെടുക്കാറുള്ള നിധിഷിനായി അവര്‍ ഒരു വീല്‍ചെയര്‍ സംഘടിപ്പിച്ചു. നെല്ലിത്തറ മുതല്‍ പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രം വരെയും അവിടെ നിന്ന് ശ്രീരാമ ക്ഷേത്രം വരെയുള്ള ഘോഷയാത്രയില്‍ കൃഷ്ണവേഷമണിഞ്ഞ ഉണ്ണിക്കണ്ണന്മാര്‍ക്ക് ഒപ്പം വീല്‍ചെയറില്‍ ഇരുന്ന് നിധിഷും ഘോഷയാത്രയുടെ ഭാഗമായി.ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് നിധിഷ്. മകന്റെ ആഗ്രഹം നിറവേറ്റുന്നതോടൊപ്പം നീണ്ട കാല്‍ നൂറ്റാണ്ടിന് ശേഷം അമ്മ പ്രീതയും ആദ്യമായി ഒരു സംഘാടന പരിപാടിയുടെ ഭാഗമായതിന്റെ സന്തോഷത്തിലായിരുന്നു.
