കാസര്‍കോട്: വിനായക ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 14ന് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും അവധി അനുവദിക്കണമെന്ന് ബി.ജെ.പി. കണ്ണൂര്‍ മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ എല്ലാ വര്‍ഷവും വിനായക ചതുര്‍ത്ഥി പ്രാദേശിക അവധിയായി പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷവും സെപ്റ്റംബര്‍ 14ന് ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിലവിലെ അവധി ഉത്തരവില്‍ റേഷന്‍ കടകളെ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ റേഷന്‍ കടകള്‍ക്കും അവധി അനുവദിച്ചിരുന്ന സാഹചര്യത്തില്‍, ഇത്തവണത്തെ ഒഴിവാക്കല്‍ റേഷന്‍ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
വിശ്വാസപരമായും സാമൂഹികമായും പ്രാധാന്യമുള്ള ഈ ദിനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും അവധി ലഭിക്കുന്നതിനായി, മുന്‍വര്‍ഷങ്ങളിലെ രീതിയില്‍ ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും സെപ്റ്റംബര്‍ 14ന് അവധി അനുവദിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കെ. ശ്രീകാന്ത് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു
