ചെറുവത്തൂര്‍: നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വെളിച്ചംതോട് സ്ഥാപിക്കുകയും രണ്ടര മാസം മാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത സര്‍വ്വീസ് സ്റ്റേഷനെതിരെ നടന്നു വരുന്ന വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ട് സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ സാഹചര്യം ഒരുക്കണമെന്ന് ഉടമയും ബന്ധപ്പെട്ടവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലീസിന് എടുത്ത 65 സെന്റ് സ്ഥലത്ത് ചെറുകിട വ്യവസായ സംരംഭമായി 2026 മാര്‍ച്ച് 16 ന് ഉദ്ഘാടനം ചെയ്ത മാര്‍ക്ക് ലൈന്‍ ഓട്ടോ സര്‍വീസ് സെന്റര്‍ ചില സ്ഥാപിത താല്പര്യക്കാരുടെ ഇടപെടല്‍ മൂലം രണ്ടര മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. മെയ് 26 ന് അടച്ചിടേണ്ടി വന്ന സര്‍വീസ് സ്റ്റേഷനില്‍ ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് വാഷ് ചെയ്ത് നല്‍കിയിട്ടുള്ളത്. വാഹനങ്ങള്‍ കഴുകുന്നതിന് ഗ്രീസും മറ്റ് കെമിക്കല്‍ സാധനങ്ങളും ഉപയോഗിച്ചുവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെയും കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും അനുമതി പത്രവും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. അധികൃതര്‍ നടത്തിയ സ്ഥാപന പരിശോധനക്ക് ശേഷമാണ് അനുമതി നല്‍കിയത്. ഇലക്ഷന് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആണ് ഉദ്ഘാടനം ചെയ്തത്. അന്നൊന്നും ഇല്ലാത്ത എതിര്‍പ്പ് ഏതാനും ചിലര്‍ പിന്നീട് ഉണ്ടാക്കിയതാണ്.
വായ്പ എടുത്തും സ്വര്‍ണ്ണം പണയം വെച്ചു കിട്ടിയ 40 ലക്ഷം രൂപ ചെലവില്‍ ആണ് സര്‍വ്വീസ് സ്റ്റേഷന് തുടങ്ങിയത്. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യല്‍ അല്ലാതെ മറ്റൊരു പ്രതിവിധിയും കാണുന്നില്ല. സിവില്‍ സ്റ്റേഷനില്‍ നിന്നുള്ള മലിനജലം പൈപ്പ് വഴി ഒഴുക്കിവിടാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓയിലും ഗ്രീസും മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്ക്കരിക്കുകയാണ്. ഫില്‍ട്ടര്‍ ഫീഡ് ടാങ്കിന്റെയും സോക്പിറ്റിന്റെയും ഇടയിലുള്ള പാര്ടീഷ്യന് ഭിത്തിയില്‍ ദ്വാരം ഉള്ളതായി കണ്ടെത്തിയെങ്കില്‍ അത് പരിഹരിക്കും. സ്ഥാപനത്തില്‍ നിന്ന് അകെ ഒരു ബസ് മാത്രമാണ് കഴുകിയിട്ടുള്ളത്. അകത്തേക്ക് കയറ്റാന്‍ കഴിയാത്തതിനാല്‍ ആണ് ബസ് ഇന്റര്‍ലോക്ക് സ്ഥലത്ത് വെച്ച് കഴുകിയത്. ഒരു മലിനജലവും പുറത്തേക്ക് പോകുന്നില്ലെന്ന് വ്യക്തമായിട്ടും സമീപത്തെ വീടുകളിലെ കിണറില്‍ മുഴുവന്‍ ഗ്രീസിന്റെ അംശം കണ്ടെത്തിയതായി തെറ്റായ പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. സ്ഥാപനം പ്രവര്‍ത്തിച്ച രണ്ടര മാസം മുമ്പ് ഗ്രീസിന്റെ അംശം 165 ശതമാനം ആയിരുന്നുവെന്നും ഇപ്പോള്‍ രണ്ടു ശതമാനം ആണെന്നും പറയുന്നത് തന്നെ ദുരൂഹമാണ്. വെള്ളത്തില്‍ ഗ്രീസ് കലര്‍ന്നിട്ടുണ്ടെങ്കില്‍ എത്ര കാലമായാലും അതിന്റെ അംശം വിട്ടുപോകില്ലെന്ന് വിദഗ്ദ്ധരോട് ചോദിച്ചാല്‍ അറിയാവുന്നതാണ്. പാറയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ചതുപ്പ് നിലത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് മറ്റൊരു പ്രചാരണം. ഇതെല്ലാം വസ്തുതാവിരുദ്ധമാണ്. നിര്‍ദ്ദേശിക്കുന്ന നിയമാനുസൃതമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്നും സ്ഥാപനം ഏത് വിധേനയും പൂട്ടിക്കുമെന്ന നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നും ഉടമയും ബന്ധുക്കളും പറഞ്ഞു. സ്ഥാപന ഉടമ കെ. മനോജ്, ഭാര്യ കെ. വി നിമിഷ, ബന്ധുവായ കെ. പി സുരേഷ്, കുട്ടികള്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
