ഗോകുല്‍ ഗംഗാധരന് ബി.ഐ.ടി. മെസ്രയില്‍ നിന്ന് ഡോക്ടറേറ്റ്

നീലേശ്വരം: ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ബി.ഐ.ടി.) മെസ്രയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഗോകുല്‍ ഗംഗാധരന്‍ ഡോക്ടറേറ്റ് നേടി. ”റോട്ടേറ്റിംഗ് ഇലക്ട്രോകെമിക്കല്‍ റിയാക്ടര്‍ ഉപയോഗിച്ച് ജലത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ ഇലക്ട്രോകെമിക്കല്‍ വിഘടനം” എന്ന വിഷയത്തിലാണ് ഗവേഷണം നടത്തി പി.എച്ച്.ഡി. കരസ്ഥമാക്കിയത്. ജലത്തിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി റോട്ടേറ്റിംഗ് ഇലക്ട്രോകെമിക്കല്‍ റിയാക്ടര്‍ ഉപയോഗിച്ചുള്ള ഇലക്ട്രോകെമിക്കല്‍ വിഘടന സാങ്കേതികവിദ്യയാണ് ഗവേഷണത്തിലൂടെ വികസിപ്പിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും ആരോഗ്യ ഗവേഷണ വകുപ്പും (ഐ.സി.എം.ആര്‍.-ഡി.എച്ച്.ആര്‍.) നല്‍കിയ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തിയത്.
ഗവേഷണ കാലയളവില്‍ അഞ്ച് ക്യു 1 വിഭാഗത്തിലുള്ള അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. കൂടാതെ മൂന്ന് ഇന്ത്യന്‍ പേറ്റന്റുകളും ഒരു അന്താരാഷ്ട്ര പുസ്തക അധ്യായവും ഗോകുല്‍ ഗംഗാധരന്റെ അക്കാദമിക നേട്ടങ്ങളിലുണ്ട്. മൂന്ന് അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം രണ്ട് വേദികളില്‍ മികച്ച അവതരണത്തിനുള്ള പുരസ്‌കാരവും നേടി.പരേതനായ തളാപ്പന്‍ ഗംഗാധരന്റെയും കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നീലേശ്വരം ഏരിയ ട്രഷററും സി.പി.ഐ.എം. കരിന്തളം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി. സാവിത്രിയുടെയും മകനാണ്.പരേതയായ സവിത പി. സഹോദരിയാണ്. ഭാര്യ : ആര്യ രാമകൃഷ്ണന്‍ ( SIMET നഴ്‌സിംഗ് കോളേജ് അധ്യാപിക ).

 

error: Content is protected !!