ലോക മാനസികാരോഗ്യ ദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ലോക മാനസികാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രേഖ കെ ടി ഉദ്ഘാടനം ചെയ്തു. ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ ശ്രീജിത് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ ജോസ്, ജില്ലാ മാനസികാരോഗ്യ പരിപാടി കൗണ്‍സിലര്‍മാരായ എ അശ്വതി, വി വി സജിന, സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്റ്റ് ഓഫീസര്‍ ടി കെ ഹര്‍ഷ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ ശ്രീജിത് കൃഷ്ണന്‍, കാഞ്ഞങ്ങാട് ജില്ലാശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ആല്‍ബിന്‍ എല്‍ഡോസ് എന്നിവര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ച ജില്ലാ മാനസികാരോഗ്യ പരിപാടി ടീം നയിച്ചു. പരിപാടിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പി എസ് എസ് കൗണ്‍സിലര്‍മാര്‍, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി കാസര്‍ഗോഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നു. വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിച്ചു വരുന്നത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സഹായം തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ‘ജീവിതാനുഭവങ്ങള്‍ കേള്‍ക്കാം, യഥാര്‍ത്ഥ ശബ്ദങ്ങള്‍, യഥാര്‍ത്ഥ മാറ്റം’ എന്നതാണ് ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനാചരണ സന്ദേശം.

 

error: Content is protected !!