ചെറുവത്തൂര്‍: സ്വന്തം സ്ഥാപനത്തെ കേവലം ഉപജീവനമാര്‍ഗമായി മാത്രം കാണാതെ, സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് അറിവും സമയവും കരുതലും പങ്കുവെച്ച് മാതൃകയാവുകയാണ് ചെറുവത്തൂരിലെ അല്‍ഹുദ കമ്പ്യൂട്ടര്‍ അക്കാദമി. സ്ഥാപനത്തിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്ത് 9 ഞായറാഴ്ച 50 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഒരു ഭിന്നശേഷിക്കുട്ടിക്ക് ലാപ്ടോപ്പും നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികാഘോഷം സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നാട്ടില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരെയും ഭിന്നശേഷിക്കാരായ മക്കളുടെ പഠനത്തിനും ചികിത്സയ്ക്കുമായി സ്വന്തം ജീവിതം മാറ്റിവെച്ച അമ്മമാരെയും ചടങ്ങില്‍ ആദരിക്കും.
2018 സെപ്റ്റംബര്‍ 13-നാണ് ചെറുവത്തൂരില്‍ ഒരു കേന്ദ്രത്തിന് തുടക്കമിട്ടത്. അതിന് മുമ്പ് ഏഴ് വര്‍ഷത്തോളം ചീമേനിയിലും പിന്നീട് താല്‍ക്കാലികമായി റിസര്‍വ് മേഖലയിലും സ്കൂളുകളിലും ജോലി ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. ഡി.ടി.പി സെന്ററായി തുടങ്ങിയ സ്ഥാപനം പിന്നീട് നാല് കമ്പ്യൂട്ടറുകള്‍ വാങ്ങി ചെറിയൊരു മുറിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി വികസിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി സൗജന്യമായി കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. ഒരു വര്‍ഷത്തിനിടെ നൂറോളം കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്കി. ഓരോ ബാച്ചിലും രണ്ടോ മൂന്നോ കുട്ടികളെ ഫീസില്ലാതെ പഠിപ്പിക്കുന്ന രീതിയും തുടര്‍ന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും പഠിക്കാന്‍ സഹായിച്ചു. അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ മാസം 20 രൂപ വീതം മാറ്റിവെച്ച് രൂപീകരിക്കുന്ന തുക സമാഹരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കുന്ന പദ്ധതിയും തുടരുന്നു. 25 വയസുവരെ ബഡ്സ് സ്കൂളില്‍ പഠിച്ചിരുന്ന, സാധാരണ രീതിയില്‍ തൊഴില്‍ ചെയ്യാന്‍ സാധ്യത കുറവായിരുന്ന മടക്കരയിലെ ശുഹൈദിന് സൗജന്യ പരിശീലനം നല്കി. തുടര്‍ന്ന് ഫോട്ടോസ്റ്റാറ്റ് മെഷീനും സ്റ്റേഷനറി സാധനങ്ങളും നല്കി ചെറിയൊരു സ്ഥാപനം തുടങ്ങാന്‍ സഹായിച്ചു. ഒരു വര്‍ഷമായി സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി സംഘാടകര്‍ പറയുന്നു.
തൊഴില്‍രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. എംപ്ലോയ്മെന്റ് രജിസ്ട്രേഷന്, പി.എസ്.സി. സൗജന്യ രജിസ്ട്രേഷന് തുടങ്ങിയ ക്യാമ്പുകളും ഇതിന്റെ ഭാഗമായി നടത്തി. എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2,500 രൂപ വിലവരുന്ന ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ് 50 നിര്‍ധന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കുട്ടിയുടെ പഠനത്തിന് സഹായകമാകുന്ന ലാപ്ടോപ്പും ചടങ്ങില്‍ കൈമാറും. വാര്‍ത്താ സമ്മേളനത്തില്‍ സി.ഇ.ഒ സുമയ്യ ഖാലിദ്, സഹോദരന് മുഹമ്മദ് സയ്യിദ്,
കോഓര്‍ഡിനേറ്റര്‍ ഗംഗന് ആയിറ്റി,
എം.അര്‍ഷാദ്, എം.റാഷിക് എന്നിവര്‍ പങ്കെടുത്തു.
