കാട്ടാനയുടെ ആക്രമണത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപ്പെട്ട കര്‍ഷകനെ പപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും സന്ദര്‍ശിച്ചു

പാണത്തൂര്‍ : കാട്ടാനയുടെ ആക്രമണത്തി ല്‍ നിന്നു കര്‍ഷകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പാറക്കടവ് ഉന്നതിയിലെ സി.പി.മാധവനെയാണ് (66) കാട്ടാന ഓടിച്ചത്. ഭയന്നോടുന്നതിനിടെ നിലത്തുവീണ മാധവന്റെ വലതുകാല്‍മുട്ടിന് പരിക്കേറ്റു. ഞായറാഴ്ച അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം.തന്റെ കൃഷിയിടത്തിലെ കപ്പക്കൃഷിക്ക് കാവല്‍ കിടക്കുകയായിരുന്ന മാധവനു നേരെ കര്‍ണാടക വനത്തില്‍നിന്നെത്തിയ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മാധവന്റെ വളര്‍ത്തുനായയെയും മാധവനെയും ആന ഓടിച്ചു. വിവരമറിഞ്ഞ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി. തുടര്‍ന്ന് പരുക്കേറ്റ മാധവനെ പാണത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുകാലമായി പാണത്തൂര്‍ പാറക്കടവ് പരിസരത്ത് കാട്ടാന കൃഷിയിടങ്ങളില്‍ കയറി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പരിക്കേറ്റ സി.പി. മാധവനെ
പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും സന്ദര്‍ശിച്ചു. മാധവന്റെ ആരോഗ്യനില വിലയിരുത്തിയ സംഘം അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകര്‍ന്നു. ആവശ്യമായ സഹായങ്ങളും തുടര്‍നടപടികളും ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദ്മകുമാരി, നാലാം വാര്‍ഡ് അംഗം ബാലകൃഷ്ണന്‍ ഓട്ടമല, മൂന്നാം വാര്‍ഡ് അംഗം കെ. കെ. വേണുഗോപാല്‍, എട്ടാം വാര്‍ഡ് അംഗം എം ഷിബു എന്നിവരും പപങ്കെടുത്തു.

 

error: Content is protected !!