സമുദ്രഗവേഷണം ശക്തിപ്പെടുത്തും; കേരള കേന്ദ്ര സര്‍വകലാശാലയും ഇന്‍കോയിസും ധാരണാപത്രത്തില്‍ ഒപ്പിട്ടു

പെരിയ: സമുദ്രഗവേഷണം ശക്തിപ്പെടുത്തുന്നതിനായി കേരള കേന്ദ്ര സര്‍വകലാശാലയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസും (ഇന്‍കോയിസ്) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുറിന്റെ സാനിധ്യത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാറും ഇന്‍കോയിസിനെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഡോ. ടി.എം. ബാലകൃഷ്ണന്‍ നായരും ധാരണാപത്രത്തില്‍ ഒപ്പിട്ടു.

ധാരണാപത്രത്തിന്റെ ഭാഗമായി പെരിയ ക്യാമ്പസില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഓപ്പറേഷണല്‍ ഓഷ്യനോഗ്രഫി സ്ഥാപിക്കും. സമുദ്ര നിരീക്ഷണത്തിനും ഗവേഷണത്തിനും പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്രത്തില്‍ ഒരുക്കും. ഓപ്പറേഷണല്‍ ഓഷ്യനോഗ്രഫി, മറൈന്‍ ബയോകെമിസ്ട്രി, കാലാവസ്ഥാ പഠനം, തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്തും. സമുദ്ര വിവരങ്ങളുടെ വിശകലനത്തിനും പ്രവചന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി കൃത്രിമബുദ്ധിയും മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തും.

കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്‍കോയിസില്‍ ഇന്റേണ്‍ഷിപ്പ്, ഗവേഷണ പദ്ധതികള്‍, പ്രബന്ധ പഠനം എന്നിവയ്ക്കുള്ള അവസരങ്ങള്‍ ലഭ്യമാക്കും. തീരദേശ സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സമുദ്രസേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ശില്പശാലകള്‍, സെമിനാറുകള്‍, ശാസ്ത്രപ്രഭാഷണങ്ങള്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും. കേരള കേന്ദ്ര സര്‍വകലാശാല ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് പ്രൊഫ. എ.വി. സിജിന്‍ കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. മിനിമോള്‍ എം.സി., ഇന്‍കോയിസ് ഡിവിഷന്‍ ഹെഡ് ഡോ. ഫ്രാന്‍സിസ് പി.എ., ഡീനുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!