വ്യാജ ലൈസന്‍സുമായി വാഹനമോടിച്ച 17കാരനെതിരെ കേസ്

വെള്ളരിക്കുണ്ട്: വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ച 17 വയസുകാരനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി.കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും വെള്ളരിക്കുണ്ട് സബ് ആര്‍ടിഒ ഓഫീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. അമിതവേഗത്തില്‍ എത്തിയ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കിയ രേഖയില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. വിശദമായ പരിശോധനയില്‍ ലൈസന്‍സ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചതോടെ വാഹനമോടിച്ചയാള്‍ക്ക് 17 വയസ് മാത്രമാണെന്നും നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായം തികഞ്ഞിട്ടില്ലെന്നും കണ്ടെത്തി.
വ്യാജ ലൈസന്‍സ് എവിടെനിന്ന് ലഭിച്ചതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാരെന്നുമുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ ലൈസന്‍സുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

 

error: Content is protected !!