കുട്ടികളെ ചേര്‍ത്തുപിടിക്കണം, സ്‌നേഹം പ്രകടിപ്പിക്കണം: ബശീര്‍ മുഹ് യിദ്ദീന്‍

കാഞ്ഞങ്ങാട്: പുതിയ തലമുറയിലെ കുട്ടികള്‍ ബുദ്ധിശക്തിയിലും സര്‍ഗാത്മകതയിലും വിവിധ മേഖലകളിലെ കഴിവുകളിലും ഏറെ മുന്നിലാണെങ്കിലും, അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും സ്‌നേഹവും കരുതലും നല്‍കുന്നതില്‍ കുടുംബവും സമൂഹവും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിതെന്ന് പ്രമുഖ പ്രഭാഷകനായ ബശീര്‍ മുഹ് യിദ്ദീന്‍ അഭിപ്രായപ്പെട്ടു.

കാഞ്ഞങ്ങാട് ജമാഅത്തെ ഇസ്ലാമി കമ്മിറ്റി ഹിറാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങില്‍ അനുമോദന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും മാറിയ ജീവിതശൈലിയും കാരണം ഇന്നത്തെ കുട്ടികള്‍ പലപ്പോഴും ഒറ്റപ്പെടുന്ന സാഹചര്യം രൂപപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തെ അമിതസ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയും, ചിലപ്പോള്‍ തെറ്റായ വഴികളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാമെങ്കിലും, അതിന്റെ പേരില്‍ കുട്ടികളെ മാറ്റിനിര്‍ത്തുകയല്ല വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളും അധ്യാപകരും സമൂഹവും കുട്ടികളെ കൂടുതല്‍ ചേര്‍ത്തുപിടിക്കുകയും അവരുടെ പരിമിതികളും മാനസിക ആവശ്യങ്ങളും മനസ്സിലാക്കി സ്‌നേഹത്തോടെയും സഹാനുഭൂതിയോടെയും സമീപിക്കുകയും വേണം. സ്‌നേഹിക്കുക മാത്രമല്ല, ആ സ്‌നേഹം തുറന്ന് പ്രകടിപ്പിക്കാനും തയ്യാറാകണം. കുട്ടികള്‍ക്ക് തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന ബോധം നല്‍കാന്‍ കഴിഞ്ഞാല്‍, അത് ആരോഗ്യകരവും മൂല്യബോധമുള്ളതുമായ ഒരു സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ചരിത്രത്തില്‍ സ്‌നേഹത്തിനും അനുകമ്പയ്ക്കും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും അനേകം മാതൃകകള്‍ കാണാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുട്ടികളുടെ വ്യക്തിത്വവികാസത്തില്‍ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നിര്‍ണായക സ്ഥാനമുണ്ടെന്നും പറഞ്ഞു.

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ ആദരിക്കുന്നതോടൊപ്പം, അവരുടെ ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്തബോധവും വളര്‍ത്തിയെടുക്കുന്നതിനും ഇത്തരം ചടങ്ങുകള്‍ പ്രചോദനമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ മികച്ച വിജയം നേടിയ കാഞ്ഞങ്ങാട് അല്‍മദ്‌റസത്തുല്‍ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സുറൂര്‍ മൊയ്തു ഹാജി, പി. എം. ഹസൈനാര്‍, പാലായി അബ്ദുല്ല, ഡോ. നദീര്‍, സിസ്റ്റര്‍ ജയ, സി. എച്ച്. സുലൈമാന്‍, ഡോ. ഷക്കീല്‍, റൂബി മുഹമ്മദ്, നസീബ, ഖൗലത്തുന്നിസ, അഡ്വ. ആയിഷ, ഫാത്തിമ, ഹമീദ സമദ്, സി. എച്ച്. അബ്ദുല്ല, സി. കെ. ഹമീദ്, ഇസ്മയില്‍ പി.എം, ഉസാമ, ഹുസൈന്‍ എന്നിവര്‍ വിജയികള്‍ക്ക് മെമെന്റോകള്‍ വിതരണം ചെയ്തു. അബ്ദുല്‍ ഹമീദ് സ്വാഗതവും ഫഹദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!