കൊടക്കാട് : ഈ വര്‍ഷത്തെ വായനാപക്ഷാചരണ പരിപാടികള്‍ വേറിട്ട രീതിയില്‍ സംഘടിപ്പിച്ചതിന് ചന്തേര ഇ.എം.എസ്. സാംസ്കാരിക വേദി ആന്റ് ഗ്രന്ഥാലയത്തിന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന് മാസ്റ്റര്‍ വില പിടിപ്പുള്ള പുസ്തകങ്ങള്‍ സമ്മാനമായി നല്കി. ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തന മികവില്‍ സന്തുഷ്ടനായ അദ്ദേഹം പയ്യന്നൂരിലെ എതിര് ദിശ പുസ്തകശാലയില്‍ നിന്നാണ് തെരെഞ്ഞെടുത്ത അമൂല്യങ്ങളായ പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലേക്ക് സംഭാവനയായി നല്‍കിയത്.ഗ്രന്ഥാലയത്തിന് വേണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി. വി. ഗോവിന്ദന് എതിര് ദിശ മാനേജര്‍ സുഷമ ആലക്കാടനില് നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവും പ്രചോദനവുമായി ലഭിച്ച സമ്മാനത്തില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് പി.പി. അശോകനും സെക്രട്ടറി കെ.വി. അനില്‍ കുമാറും നന്ദി രേഖപ്പെടുത്തി.
