കള്ളാര്‍: കനത്ത മഴയില്‍ കള്ളാറില്‍ ഓടിട്ട വീട് തകര്‍ന്നു വീണു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കള്ളാറിലെ ഗീതയുടെ വീടാണ് ബുധനാഴ്ച രാവിലെ പൂര്‍ണ്ണമായും തകര്‍ന്നത്.
?അപകട സമയത്ത് ഗീതയും ഭര്‍ത്താവ് ശക്തിവേലുവും മകനും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് വലിയൊരു ശബ്ദം കേട്ടതോടെ മൂവരും വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ വീട് പൂര്‍ണ്ണമായി തകര്‍ന്നു വീണു. പുറത്തേക്ക് ഓടുന്നതിനിടെ വീണ് ശക്തിവേലുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗീതയുടെ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതിനിടയിലാണ് നിലവില്‍ താമസിച്ചിരുന്ന പഴയ വീട് തകര്‍ന്നത്.
അപകട വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര് സംഭവസ്ഥലം സന്ദര്‍ശിച്ചു.
