പുതിയ തലമുറയില്‍ ചരിത്രബോധം കുറയുന്നു :എം സ്വരാജ്

കാഞ്ഞങ്ങാട് :പുതിയ തലമുറയില്‍ ചരിത്രബോധം കുറഞ്ഞു വരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് അഭിപ്രായപ്പെട്ടു. മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍മുന്‍ എംഎല്‍എ യും സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗര സഭ മുന്‍ ചെയര്‍മാനുമായ അഡ്വ. കെ പുരുഷോത്തമന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസ് ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ നടത്തിയ സംവാദത്തില്‍ ഗാന്ധിജി എങ്ങനെ കൊല്ലപ്പെട്ടു എന്ന് ചോദിച്ചപ്പോള്‍ 70ശതമാനം വിദ്യാര്‍ഥികളും ഗാന്ധിയെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നു എന്ന ഞെട്ടിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. ഗുജറാത്തിലെ മഹാത്മാ ഗാന്ധി മ്യൂസിയത്തില്‍ ഗാന്ധിജിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വെടിവെച്ചു കൊന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരു കൊന്നു, എന്തിന് കൊന്നു എന്ന് എവിടെയും പറയുന്നില്ല. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ പരീക്ഷ പേപ്പറില്‍ ഉണ്ടായ ചോദ്യം ഗാന്ധിജി ആത്മഹത്യ ചെയ്യാന്‍ ഇടയായത് എന്തുകൊണ്ട് എന്നായിരുന്നു. ഇതൊക്കെ പുതിയ കാലത്ത് ചരിത്രബോധം കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങളാണ്. ഗാന്ധിയന്‍ ആശയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ ഗാന്ധിയെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നതാണെന്ന തെറ്റായ കാര്യം പഠിക്കുന്നത് ചരിത്രത്തെ വികലമായി ചിത്രീകരിക്കുന്നതു കൊണ്ടാണെന്ന് സ്വരാജ് പറഞ്ഞു.അഡ്വ. കെ പുരുഷോത്തമന്‍ അഭിഭാഷകന്‍ എന്നതിലുപരി മികച്ച ജനപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിനാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. കെ പുരുഷോത്തമന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. പി അപ്പുക്കുട്ടന്‍ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍,എം സി ജോസ്, കെ വി കൃഷ്ണന്‍, പി കെ നിഷാന്ത്, എം ഹമീദ് ഹാജി, അഡ്വ. രമാദേവി, പി പി രാജു, അഡ്വ. എ ഗോപാലന്‍ നായര്‍, അഡ്വ. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി കെ സബീഷ് ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ രാജ്മോഹന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!