പ്രോജക്ട് സീറോ”: അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി വിജിലന്‍സ്; കൈക്കൂലി: ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ വിജിലന്‍സ് പിടിയില്‍.

കാസര്‍കോട്: അമ്പലകമ്മിറ്റി വക ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നല്‍കിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയ കാസര്‍കോട് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറും കാസര്‍കോട് കൊടിബയല്‍ സ്വദേശി കെ ശിവപ്രസാദ് വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടി.
കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിയായ പരാതിക്കാരന്‍ ഉപാദ്ധ്യക്ഷനായിട്ടുള്ള ക്ഷേത്രകമ്മിറ്റിയുടെ ചുമതലയിലുള്ള ക്ഷേത്രത്തിന് ഒരു ഭക്ത സൗജന്യമായി നല്‍കിയ ഭൂമി ക്ഷേത്രകമ്മിറ്റിയുടെ പേരിലാക്കി നികുതി ഒടുക്കി കൊടുക്കുന്നതിന് പരാതിക്കാരന്‍ ഒരു മാസം മുന്‍പ് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെത്തി അപേക്ഷ നല്‍കിയിരുന്നു. ഈ സമയം സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ നികുതി ചീട്ട് പഴയ ഉടമസ്ഥയുടെ പേരിലായതിനാല്‍ കുറേ പണിയുണ്ടെന്നും പെട്ടെന്ന് നികുതി അടയ്ക്കാനാകില്ലായെന്നും പറഞ്ഞു. പരാതിക്കാരന്‍ ഓഫീസില്‍ നിന്നും തിരികെ പോകാന്‍ ഇറങ്ങിയ സമയം വില്ലേജ് ഓഫീസിലെ കാഷ്‌ഴല്‍ സ്വീപ്പറായ കെ.ശിവപ്രസാദ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറോട് പറഞ്ഞ് പെട്ടെന്ന് ശരിയാക്കി തരാമെന്നും അതിന് ചെലവുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ ഒരാഴ്ച മുന്‍പ് വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍11 ന് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറോടൊപ്പം സ്ഥലം വന്ന് നോക്കുകയും തിരികെ പോയ സമയം പരാതിക്കാരനില്‍ നിന്നും 1,500രൂപ കൈക്കൂലി വാങ്ങിയെടുത്ത ശേഷം 5,000രൂപ കൂടി ബാക്കിയുണ്ടെന്നും അത് പിന്നീട് നല്‍കണമെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് 16ആം തീയതി പരാതിക്കാരന്‍ രേഖകളുമായി വില്ലേജ് ഓഫീസിലെത്തി ശിവപ്രസാദിനെയും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും കാണുകയും, രേഖകള്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ശിവപ്രസാദ് പലപ്രാവശ്യം പരാതിക്കാരനെ ഫോണ്‍ മുഖാന്തിരം ബന്ധപ്പെട്ട് കൈക്കൂലിയായി 5,000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം കാസര്‍കോട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് രാവിലെ 10.30 മണിക്ക് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിന് മുന്‍വശം വച്ച് ഉപ്പള ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറും കാസര്‍കോട് കൊടിബയല്‍ സ്വദേശിയുമായ കെ. ശിവപ്രസാദ് പരാതിക്കാരനില്‍ നിന്നും 5,000രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

error: Content is protected !!