കാഞ്ഞങ്ങാട്: ആവേശകരമായ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ വരവറിയിച്ചുകൊണ്ട് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറേക്കര ടര്‍ഫ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍, അര്‍ജന്റീന ടീമുകളെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മാറ്റുരച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കളിക്കാരുമായി പരിചയപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു എന്നിവര്‍ സംസാരിച്ചു. വാശിയേറിയ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ടീം ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് അര്‍ജന്റീന ടീമിനെ പരാജയപ്പെടുത്തി വിജയം കൈവരിച്ചു. ബ്രസീല്‍ ടീമിനെ പ്രതിനിധീകരിച്ച ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ കൂടിയായ എ.തമ്പാന്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ട്രോഫികള്‍ വിതരണം ചെയ്തു. വനിതകള്‍ക്കായി പ്രത്യേക ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരത്തില്‍ മെമ്പര്‍മാരും, ജീവനക്കാരുമായ വനിതകള്‍ വാശിയോടെ മത്സരിച്ചത് ഏറെ ശ്രദ്ധേയമായി.
