അഞ്ചു മക്കളും എന്‍ജിനീയര്‍മാര്‍; ഏരോലിന് അഭിമാനമായി ‘നൂര്‍ മന്‍സില്‍’

ഉദുമ: ഒരു കുടുംബത്തിലെ അഞ്ചു മക്കളും എന്‍ജിനീയറിങ് വിദ്യാഭ്യാസം തിരഞ്ഞെടുത്ത് നേട്ടം കൈവരിച്ചിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ ഉദുമ ഏരോലിലെ ‘നൂര്‍ മന്‍സിലില്‍’ അബ്ദുള്ള-നസീമ ദമ്പതികളുടെ കുടുംബമാണ് ഈ അപൂര്‍വ നേട്ടത്തിലൂടെ നാടിന്റെ അഭിമാനമായി മാറുന്നത്.
അഞ്ചു മക്കളില്‍ നാലുപേര്‍ വിവിധ എന്‍ജിനീയറിങ് ശാഖകളില്‍ ബിരുദം പൂര്‍ത്തിയാക്കി രാജ്യത്തും വിദേശത്തുമായി ജോലി ചെയ്യുമ്പോള്‍, ഇളയ മകന്‍ പഠനം തുടരുകയാണ്. മക്കളുടെ കഠിനാധ്വാനത്തിനൊപ്പം വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയ മാതാപിതാക്കളുടെ നിരന്തര പ്രോത്സാഹനവും പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നില്‍. മൂത്ത മകന്‍ മുഹമ്മദ് അബ്ദുള്ള (31) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ലണ്ടനിലെ നോര്‍ത്തംബ്രിയ സര്‍വകലാശാലയില്‍ നിന്ന് പദ്ധതി നിര്‍വഹണത്തില്‍ ബിരുദാനന്തര ബിരുദം നേടി. നിലവില്‍ ലണ്ടനില്‍ ജോലി ചെയ്യുന്നു. ഭാര്യ ആസിയ.
രണ്ടാമത്തെ മകള്‍ ഫാത്തിമ അബ്ദുള്ള (29) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടി. ഭര്‍ത്താവ് റംഷീദ് കല്ലൂരാവിയോടും മൂന്ന് മക്കളോടുമൊപ്പം ലണ്ടനിലാണ് താമസം.
മൂന്നാമത്തെ മകന്‍ ഇബ്രാഹിം അബ്ദുള്ള (27) മംഗളൂരുവിലെ പി.എ. എന്‍ജിനീയറിങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. നിലവില്‍ ബംഗളൂരുവില്‍ എച്ച്.പിയില്‍ ജോലി ചെയ്യുന്നു. ഭാര്യ ഫിദ ഇബ്രാഹിം.
നാലാമത്തെ മകന്‍ അലി അല്‍ ജാഫര്‍ അബ്ദുള്ള (25) കാസര്‍കോട്ടെ എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. നിലവില്‍ തിരുവനന്തപുരത്ത് ടാറ്റയില്‍ വിവരസാങ്കേതിക എന്‍ജിനീയറായി ജോലി ചെയ്യുന്നു.
ഇളയ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ (22) കാസര്‍കോട്ടെ എല്‍.ബി.എസ്. എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പഠിച്ചുകൊണ്ടിരിക്കുകയാണ്.
മക്കളുടെ നേട്ടത്തില്‍ പിതാവ് അബ്ദുള്ളയും മാതാവ് നസീമ അബ്ദുള്ളയും ഏറെ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും പിന്നിലെ മാതാപിതാക്കളുടെ കഠിനപ്രയത്‌നവും ത്യാഗവുമാണ് ഈ വിജയകഥയുടെ പ്രധാന അധ്യായം.
വ്യത്യസ്ത എന്‍ജിനീയറിങ് ശാഖകളില്‍ പഠിച്ച് രാജ്യത്തും വിദേശത്തുമായി ജോലി ചെയ്യുന്ന നാല് മക്കളും, പഠനം തുടരുന്ന ഇളയ മകനും – ‘നൂര്‍ മന്‍സിലിലെ’ ഈ അഞ്ചംഗ സഹോദരങ്ങളുടെ വിദ്യാഭ്യാസ യാത്ര ഇന്ന് ഏരോല്‍ എന്ന കൊച്ചുനാടിന്റെ അഭിമാനകഥയാണ്.എന്‍ജിനീയര്‍ ദിനത്തില്‍ ‘നൂര്‍ മന്‍സിലിലെ’ ഈ കുടുംബത്തിന്റെ നേട്ടം പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുകയാണ്.

 

error: Content is protected !!