നീലേശ്വരം: കൊങ്കണ്‍ റെയില്‍വേ പാതയില്‍ മഴക്കാല സുരക്ഷ മുന്‍നിര്‍ത്തിയുള്ള മണ്‍സൂണ്‍ സമയക്രമം പ്രാബല്യത്തില്‍ വന്നതോടെ ഈ പാതയിലൂടെ സര്‍വീസ് നടത്തുന്ന പ്രമുഖ ദീര്‍ഘദൂര ട്രെയിനായ മംഗളാ ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സിന്റെ നീലേശ്വരം സ്റ്റേഷനിലെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചു സര്‍വീസ് നടത്തുന്ന മംഗളയുടെ പുതുക്കിയ സമയക്രമം അനുസരിച്ച് എറണാകുളത്ത് നിന്നും ഹസ്രത് നിസാംഉദ്ദീനിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12617 വൈകുന്നേരം 5:04ന് നീലേശ്വരം സ്റ്റേഷനില്‍ എത്തിച്ചേരുകയും ഒരു മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 5:05ന് ട്രെയിന്‍ ഡല്‍ഹി ഭാഗത്തേക്ക് യാത്ര തുടരുകയും ചെയ്യും. അതേസമയം മറുദിശയില്‍ ഹസ്രത് നിസാംഉദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന ട്രെയിന്‍ നമ്പര്‍ 12618 പുലര്‍ച്ചെ 01:04ന് നീലേശ്വരത്ത് എത്തുകയും 01:05ന് ഇവിടെ നിന്നും എറണാകുളം ഭാഗത്തേക്ക് പുറപ്പെടുകയും ചെയ്യും. മഴക്കാലത്ത് കൊങ്കണ്‍ മലയോര പാതകളില്‍ ഉണ്ടാകാനിടയുള്ള മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമാണ് റെയില്‍വേ വര്‍ഷംതോറും വേഗത കുറച്ചുള്ള പ്രത്യേക സമയവിവരപ്പട്ടിക നടപ്പിലാക്കാറുള്ളത്. ഒക്ടോബര്‍ 31 വരെ ഈ സമയക്രമം തുടരുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
