ക്ഷേത്ര കൂട്ടായി കാരന്‍ വെള്ളിക്കോത്തെ പെരളത്തെ കെ. രത്‌നാകരന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ സമ്മാനം

കാഞ്ഞങ്ങാട്: കൂലിപ്പണിയും ക്ഷേത്രത്തിലെ സേവനവുമായി കഴിഞ്ഞുപോന്ന വെള്ളിക്കോത്ത് സ്വദേശി കെ. രത്‌നാകരന് (65) കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ സമ്മാനനേട്ടം. കഴിഞ്ഞദിവസം നറുക്കെടുത്ത സമൃദ്ധി ലോട്ടറിയുടെ ഒന്നാംസമ്മാനമാണ് രത്‌നാകരനെ തേടിയെത്തിയത്. വര്‍ഷങ്ങളായി കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന രത്‌നാകരന്‍ ഇതോടൊപ്പം അടോട്ട് മൂത്തേടത്ത് കുതിര് പുതിയസ്ഥാനം ക്ഷേത്രത്തിലെ കൂട്ടായിക്കാരനായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. പെരളം തട്ടുമ്മലിലെ ചെറിയൊരു വീട് മാത്രമാണ് സ്വന്തമായുള്ളത്. ഭാര്യ ദാക്ഷായണി വീട്ടമ്മയാണ്. മക്കളായ രഞ്ജുനാഥ്, അഞ്ജു, സഞ്ജുനാഥ് എന്നിവരും ചെറിയ ജോലികള്‍ ചെയ്ത് കഴിയുന്നവരാണ്. കാഞ്ഞങ്ങാട് ടൗണിലെ ഏജന്‍സിയില്‍ നിന്നു ലോട്ടറി ടിക്കറ്റെടുത്ത് വെള്ളിക്കോത്തും പരിസരപ്രദേശങ്ങളിലും നടന്നു വില്പന നടത്തുന്ന മാവുങ്കാല്‍ സ്വദേശി കൃഷ്ണന്റെ പക്കല്‍ നിന്നാണ് ടിക്കറ്റെടുത്തത്. പതിവായി ലോട്ടറി ടിക്കറ്റെടുക്കുന്ന രത്‌നാകരന്‍ കഴിഞ്ഞദിവസം കൃഷ്ണനെ കണ്ടപ്പോള്‍ വിളിച്ചുവരുത്തി ടിക്കറ്റെടുക്കുകയായിരുന്നു. ഇതിനു മുമ്പ് 5000 രൂപ വരെ രത്‌നാകരന് സമ്മാനം ലഭിച്ചിട്ടുണ്ട്.
സമ്മാനം കിട്ടിയ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് മഡിയന്‍ ശാഖയില്‍ ഏല്പിച്ചു.

 

error: Content is protected !!