ഒന്നരമാസം മുമ്പ് തുറന്നുകൊടുത്ത മെക്കാഡം റോഡ് വിണ്ടുകീറി; താന്നിയടിതടിയംവളപ്പ് റോഡ് അപകടത്തില്‍

പെരിയ: ഒന്നരമാസം മുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്ത മെക്കാഡം റോഡ് വിണ്ടുകീറിയ നിലയില്‍. താന്നിയടിതടിയംവളപ്പ് റോഡിലെ താന്നിയടി ഭാഗത്താണ് നീളത്തില്‍ വിള്ളല്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ചെറുതായിട്ട് വിള്ളല്‍ ഉണ്ടായിരുന്നെന്നും പിന്നീട് കനത്തമഴയ്ക്കുശേഷം ഉച്ചയോടെ വലിയ തോതില്‍ വിള്ളല്‍ രൂപപ്പെടുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ റോഡ് താഴ്ന്നുപോയിട്ടുമുണ്ട്. റോഡിന്റെ സംരക്ഷണഭിത്തി പുറത്തേയ്ക്ക് തള്ളിനില്‍ക്കുകയാണ്. റോഡ് നിര്‍മാണത്തിനായി എടുത്തിട്ട മണ്ണ് ശരിയാംവണ്ണം ഉറപ്പിക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം വിള്ളല്‍ വീണത് ശ്രദ്ധയില്‍പെടാതിരിക്കാന്‍ റോഡ് പണിക്കാര്‍ ആ ഭാഗത്ത് സിമന്റ് കലക്കിയൊഴിച്ചു. എന്നാല്‍ കനത്തമഴയില്‍ ഇത് ഒലിച്ചുപോയി. ഭാരമേറിയ വാഹനങ്ങള്‍ ഇതുവഴി വന്നാല്‍ വലിയ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. വിള്ളല്‍ വീണ ഭാഗം വൈകുന്നേരത്തോടെ നാട്ടുകാര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നാട്ടുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 1.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താന്നിയടിതടിയംവളപ്പ് റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയത്.

 

error: Content is protected !!