കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാര്‍ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി.ഡി സതീശന്‍ പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.
ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ്
വിടവാങ്ങുന്നത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാര്‍ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്.
കൊച്ചിന്‍ കലാഭവന്‍ ഉള്‍പ്പെടെയുള്ള വേദികളിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്കും പിന്നാലെ സിനിമാമേഖലയിലേക്കുമെത്തിയത്. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ.
അന്നുമുതല്‍ ഇന്നുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുള്‍പ്പെടെ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുള്‍പ്പെടെ നിലപാടുകള്‍ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയജീവിതത്തിനപ്പുറം സംവിധായകന്‍, എഴുത്തുകാരന്‍ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. 2000ല്‍ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക സംവിധായകരായ റാഫിമെക്കാര്‍ട്ടിന്‍ ടീം സലീമിനെ വിളിക്കാന്‍ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങള്‍ നിരവധി പുറത്തിറങ്ങി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാല്‍, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്നവ കൂടിയാണ്. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ മികച്ച സാക്ഷ്യങ്ങളായിരുന്നു. 2005ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ ആദാമിന്റെ മകന്‍ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സലിം കുമാര്‍ സ്വന്തമാക്കി. 2012ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മില്‍. 2017ല്‍ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതന്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനും അര്‍ഹമായി. 2018ല്‍ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാര്‍ സംവിധാനം ചെയ്തു. കലാഭവന്‍ വേദികളില്‍ നിന്ന് ദേശീയ പുരസ്‌കാര വേദി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനം കൊണ്ട് തീര്‍ത്ത വിജയകഥയായി മലയാളികള്‍ എന്നും ഓര്‍ക്കും.
1969 ഒക്ടോബര്‍ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. 1996 സെപ്റ്റംബര്‍ 14നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധുവീട്ടില്‍ നിന്ന് തന്റെ ആദ്യ ചിത്രമായ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്ന് സലിംകുമാര്‍ പറഞ്ഞിട്ടുണ്ട്. യുവനടന്‍ കൂടിയായ ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.
