കാഞ്ഞങ്ങാട്; ജില്ലയിലെ വിവിധ ആര് ടി ഒ ഓഫീസുകളില്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി ഉണ്ണികൃഷ്ണനും സംഘവും നടത്തിയ മിന്നല്‍ പരിശോധനയില്‍ പണവും ക്രമക്കേടുകളും കണ്ടെത്തി. കാസര്‍കോട് ആര് ടി ഒ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് വരാന്തയില്‍ ചെടിച്ചട്ടിയില്‍ സൂക്ഷിച്ച നിലയില്‍ 17150രൂപ കണ്ടെടുത്തു. ഉച്ചയ്ക്ക് ശേഷവും ആര്‍ടിഒ ഓഫീസുകളില്‍ ഏജന്റുമാരുടെ സാന്നിധ്യം സംശയമുളവാക്കുന്നതായി. കാഞ്ഞങ്ങാട് ആര്‍ടിഒ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഓഫീസ് സ്റ്റാഫിന്റെ കൈയ്യില്‍ നിന്നും വാഹന സംബന്ധമായ അപേക്ഷകള്‍, രേഖകള്‍, ഏജന്റുമാര്‍ നല്‍കേണ്ട 24 ഓളം സമ്മത പത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. ജില്ലയിലെ ആര്‍ടിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചു വ്യാപകമായി അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും പൊതുജനങ്ങളുടെ പരാതി പരിഗണിക്കാതെ ഏജന്റുമാര്‍ മുഖേന നല്കുന്ന അപേക്ഷകള്‍ തീര്പ്പാക്കുന്നതായുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡി വൈ എസ് പി.വി ഉണ്ണികൃഷ്ണന് കാസര്‍കോട്, ഇന്‍സ്പെക്ടര്‍ നാരായണന് കാഞ്ഞങ്ങാട്, കണ്ണൂര്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സുനില്‍ കുമാര്‍ വെള്ളരിക്കുണ്ട് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
