നീലേശ്വരം: ജില്ലയില്‍ യാത്രക്കാരുടെ എണ്ണത്തിലും റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് അധികൃതരുടെ കടുത്ത അവഗണന വീണ്ടും തുടരുന്നു. വേനല്‍ക്കാലത്തെ കടുത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി റെയില്‍വേ പുതുതായി അനുവദിച്ച ഹൈദരാബാദ് മാംഗ്ലൂര്‍ സെന്‍ട്രല്‍ ഹൈദരാബാദ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനിനാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കാതെ അധികൃതര്‍ കടുംവെട്ട് നടത്തിയത്.
അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അവഗണനകള്‍ നേരിടുമ്പോഴും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സ്റ്റേഷനുകളില്‍ ഒന്നായിരുന്നു നീലേശ്വരം. റെയില്‍വേയുടെ ഖജനാവിലേക്ക് കോടികള്‍ സംഭാവന ചെയ്യുന്ന ഈ സ്റ്റേഷന്റെ വാണിജ്യപരമായ പ്രാധാന്യം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്, പുതിയ സ്പെഷ്യല്‍ ട്രെയിന്‍ പയ്യന്നൂരും കാഞ്ഞങ്ങാടും നിര്‍ത്തുമ്പോള്‍ അതിനിടയിലുള്ള നീലേശ്വരത്തെ അധികൃതര്‍ ബോധപൂര്‍വ്വം തഴഞ്ഞത്.
മലയോരതീരദേശ മേഖലകളെ ഒറ്റപ്പെടുത്തി
നീലേശ്വരം നഗരസഭയ്ക്ക് പുറമെ സമീപ പ്രദേശങ്ങളായ കിനാനൂര്‍കരിന്തളം, മടിക്കൈ, വലിയപറമ്പ് , ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെയും പതിനായിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമാണ് നീലേശ്വരം റെയില്‍വേ സ്റ്റേഷന്. ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ ഐടി നഗരങ്ങളില്‍ പഠിക്കുന്ന മലയോര മേഖലയില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ഐടി ജീവനക്കാര്‍ക്കും ഏറെ ഉപകാരപ്പെടേണ്ട സര്‍വീസാണ് സ്റ്റോപ്പില്ലാത്തതു മൂലം പൂര്‍ണ്ണമായും നഷ്ടമാകുന്നത്.
പയ്യന്നൂര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ടേക്ക് നീലേശ്വരം സ്റ്റേഷന് പിന്നിട്ട് ട്രെയിന്‍ വേഗത കുറച്ചു കടന്നുപോകുമ്പോഴും ഇവിടെ നിര്‍ത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
സര്‍വീസ് വിവരങ്ങളും സമയക്രമവും
07097 നമ്പറുള്ള ഹൈദരാബാദ് – മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്സ്പ്രസ് സ്പെഷ്യല്‍ ജൂണ്‍ 03, 10, 17, 24 തീയതികളില്‍ (ബുധനാഴ്ചകളില്‍) പുലര്‍ച്ചെ 04:20ന് ഹൈദരാബാദ് സ്റ്റേഷനില്‍ നിന്നും പുറപ്പെടും. പിറ്റേന്ന് രാവിലെ 09:30ന് വണ്ടി മാംഗ്ലൂര്‍ സെന്‍ട്രലില്‍ എത്തിച്ചേരും.
വിപുലമായ സൌകര്യങ്ങള്‍, എന്നിട്ടും നീലേശ്വരത്തിന് അവഗണന മാത്രം
യാത്രക്കാരുടെ കടുത്ത തിരക്ക് പരിഗണിച്ചു വിപുലമായ കോച്ച് സൗകര്യങ്ങളാണ് ഈ ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്. 3 എസി ടൂടിയര് കോച്ചുകള്‍, 5 എസി ത്രീടിയര്‍ കോച്ചുകള്‍, 10 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2 ലഗേജ് കം ബ്രേക്ക് വാനുകള്‍ എന്നിവയടക്കം ആകെ 24 കോച്ചുകളാണ് ഈ സ്പെഷ്യല്‍ ട്രെയിനില്‍ ഉള്ളത്. വണ്ടികളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ ജൂണ്‍ 1 രാവിലെ 8 മണി മുതല്‍ ആരംഭിച്ചിട്ടുണ്ട്.
റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്കുന്ന സ്റ്റേഷനുകളിലൊന്നായിട്ടും നീലേശ്വരത്തിന് വിവേചനം നേരിടേണ്ടി വരുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ജനപ്രതിനിധികളും റെയില്‍വേ ഉന്നതാധികൃതരും അടിയന്തരമായി ഇടപെട്ട് ഈ വേനല്‍ക്കാല സ്പെഷ്യല്‍ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ച് തങ്ങളുടെ തെറ്റായ തീരുമാനം തിരുത്തണമെന്നാണ് മലയോരതീരദേശ നിവാസികളുടെ സംയുക്ത ആവശ്യം.
