വെള്ളരിക്കുണ്ട്: കഴിഞ്ഞദിവസം വെള്ളരിക്കുണ്ടില്‍ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട തെങ്ങുകയറ്റ തൊഴിലാളിയുടെ കുടുംബത്തിന് ആശ്വാസവുമായി സഹപ്രവര്‍ത്തകര്‍. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം വെസ്റ്റ് എളേരി യൂണിറ്റ് അംഗമായിരുന്ന പുങ്ങംചാല്‍ രാജുവിന്റെ കുടുംബത്തിനാണ് സംഘടന സ്‌നേഹക്കൈത്താങ്ങ് നല്‍കിയത്. രാജുവിന്റെ അകാല വിയോഗത്തില്‍ കുടുംബത്തിനുള്ള അടിയന്തര സഹായ ഫണ്ട് 104750 രൂപ കൈമാറി. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രസിഡന്റ് സി എച്ച് മണി സഹായധനവും കുട്ടികകള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിവിധ വ്യക്തികളും കുട്ടികള്‍ക്ക് കൈമാറി . രാജുവിന്റെ മാതാവിനുള്ള സഹായധനം വാര്‍ഡ് മെമ്പര്‍ സുമിത്ര കൈമാറി . സെക്രട്ടറി ഗിരീഷ് മല്ലം, ട്രഷറര്‍ ബിനു ബളാല്‍, രക്ഷാധികാരി സുകുമാരന്‍ കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍, വെസ്റ്റ് എളേരി യൂണിറ്റ് ഭാരവാഹികള്‍, വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ തെങ്ങുകയറ്റ തൊഴിലാളികള്‍, നാട്ടിലെ പ്രമുഖ പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിയ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കാന്‍ ഒത്തുകൂടിയ തൊഴിലാളികളുടെ സാന്നിധ്യം ചടങ്ങിനെ വൈകാരികമാക്കി.
