മയ്യില്‍: പെരുന്നാള്‍ ദിനത്തില്‍ പാവന്നൂര്‍ കടവില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് അരികെ നില്‍ക്കുകയായിരുന്ന കുടുംബത്തിനു നേരെ തെറ്റായ ദിശയില്‍ ഓടിച്ചു വന്ന മിനിലോറി ഇടിച്ചു കയറ്റി ബാലികയ്ക്കു ദാരുണാന്ത്യം. രക്ഷിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാവന്നൂര്‍ മൊട്ട പാവന്നൂര്‍ കടവിലെ തശ്‌രീഫ (4) യാണ് മരിച്ചത്. പിതാവ് ഇരിക്കൂര്‍ ദാറുല്‍ അമാനിലെ പി.കെ. സാജിദ് (46), മാതാവ് പാവന്നൂര്‍ കടവിലെ എ.കെ. മൈമൂനത്ത് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.20 മണിയോടെ പാവന്നൂര്‍ കടവിലായിരുന്നു അപകടം. നിര്‍ത്തിയിട്ട സ്‌കൂട്ടറിന് സമീപം നില്‍ക്കുകയായിരുന്ന മൂന്നു പേരെയും തെറ്റായ ദിശയില്‍ ഓടിച്ചു വന്ന കെ. എല്‍. 594847 നമ്പര്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റമൂന്നു പേരെയും ഉടന്‍ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി 10 മണിയോടെ തശ്‌രീഫ മരണപ്പെട്ടു. രക്ഷിതാക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരണപ്പെട്ട തശ്‌രീഫയുടെ സഹോദരങ്ങള്‍: തമീം, തസ്ഹീം. മയ്യില്‍ പോലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
