കാഞ്ഞങ്ങാട്: എം.ഇ.എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ സമ്മേളനം 2026 ജൂണ്‍ 6 ശനിയാഴ്ച കാഞ്ഞങ്ങാട് ബിഗ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും.
സമ്മേളനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് സി. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം മൈത്രി ഭവനില്‍ ചേര്‍ന്ന എം.ഇ.എസ് ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും കണ്‍വെന്‍ഷനിലാണ് തീരുമാനം.
യോഗം എം.ഇ.എസ് സീനിയര്‍ അംഗവും കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ വൈസ് ചെയര്‍മാനുമായ തായല്‍ അബ്ദുറഹിമാന് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആരിഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു.
കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ എം.എല്‍.എമാര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കും. ആദ്യകാല എം.ഇ.എസ് ജില്ലാ പ്രസിഡണ്ടും എഴുത്തുകാരനുമായ ഡോ. കെ. പി. മുഹമ്മദ് കുഞ്ഞി യെ ചടങ്ങില്‍ ആദരിക്കും.
ജില്ലയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയവര്‍, സി.ബി.എസ്.ഇയില്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍, യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ എന്നിവരെ അനുമോദിക്കും. അവര്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസും ഒരുക്കിയിട്ടുണ്ട്.
മികച്ച എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എം.ഇ.എസിന്റെ ആദ്യകാല നേതാക്കളായ കെ. എസ്. അബ്ദുള്ള സ്മാരക അവാര്‍ഡ്, എം. ബി. മൂസ സ്മാരക അവാര്‍ഡ് എന്നിവ സമ്മാനിക്കും.
യോഗത്തില്‍ എ. ഹമീദ് ഹാജി, ബി. എം. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മാമു, സുറൂര്‍ മൊയ്തു ഹാജി, അബൂബക്കര്‍ ഹാജി സൗദി, ബി. കെ. സാലി ബേക്കല്‍, അഹമ്മദ് കിര്‍മ്മാണി, പി. എം. ഫാറൂഖ്, പി. എം. കുഞ്ഞബ്ദുള്ള ഹാജി, പി. എം. ഹസൈനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
