നീലേശ്വരം ആകാശപാത ജനകീയ സമരം 63ാം ദിവസത്തില്‍; ചിലരുടെ നീക്കത്തിനെതിരെ സമരപ്പന്തലിന് ചുറ്റും സംരക്ഷണ മതിലൊരുക്കി ജനങ്ങള്‍

നീലേശ്വരം: നീലേശ്വരത്ത് ആകാശപാത ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരം അറുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍, സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള ചിലരുടെ നീക്കത്തിനെതിരെ പ്രതിഷേധമായി സമരപ്പന്തലിന് ചുറ്റും ജനകീയ സംരക്ഷണ മതില്‍ തീര്‍ത്തു. ജനകീയ സമരസമിതിയുടെ പ്രവര്‍ത്തകരും അനുഭാവികളും ഒന്നിച്ചുചേര്‍ന്നാണ് പ്രതീകാത്മകമായി സംരക്ഷണ മതില്‍ ഒരുക്കിയത്. ധീവരസഭാ പ്രതിനിധികളും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് എസ് എല്‍ സി (1991–92) ബാച്ച് പ്രതിനിധികളും സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ധീവരസഭാ അംഗങ്ങളും രാജാസ് എസ് എസ് എല്‍ സി 1991–92 ബാച്ച് അംഗങ്ങളും സംരക്ഷണ മതിലില്‍ അണിചേര്‍ന്ന് സമരത്തിന് പിന്തുണ അറിയിച്ചു. അറുപത്തിമൂന്നാം ദിവസത്തെ സമരപരിപാടി ധീവരസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു. എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുരേഷ് കുമാര്‍ കീഴൂര്‍ (ജില്ലാ പ്രസിഡന്റ്), തായത്ത് കൃഷ്ണന്‍ (താലൂക്ക് പ്രസിഡന്റ്), സോമന്‍ (ജില്ലാ ട്രഷറര്‍), രാജു ടി. വി. (താലൂക്ക് ട്രഷറര്‍), എം. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് എസ് എല്‍ സി (1991–92) ബാച്ചിനെ പ്രതിനിധീകരിച്ച് വിജയകുമാറും ഷീജ ഇയും സംസാരിച്ചു. അവര്‍ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ജനകീയ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജനകീയ സമര സമിതി ജനറല്‍ കണ്‍വീനര്‍ ഡി. രാജന്‍ സ്വാഗതം പറഞ്ഞു. സമര സമിതി രക്ഷാധികാരി റിട്ട. എസ്.പി. പി. രാജു അധ്യക്ഷത വഹിച്ചു. സമര സമിതി ട്രഷറര്‍ മഹമ്മൂദ് കോട്ടായി, സമിതി അംഗം പത്മരാജന്‍ ഐങ്ങോത്ത് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!