സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍: കോഴിക്കോട്, തൃശൂര്‍ ചാമ്പ്യന്മാര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടന്ന 42ാമത് കേരള സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും കിരീടം നിലനിര്‍ത്തി. കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ (കെ ബി എ) ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
കോഴിക്കോട് പെണ്‍കുട്ടികളുടെ ആധിപത്യം പെണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴയെ 84–41 എന്ന സ്‌കോറിന് തകര്‍ത്താണ് കോഴിക്കോട് തങ്ങളുടെ കരുത്ത് തെളിയിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കെ. അക്ഷര 31 പോയിന്റുകള്‍ നേടി കോഴിക്കോടിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കോഴിക്കോട് വ്യക്തമായ ആധിപത്യം നിലനിര്‍ത്തിയാണ് വിജയം ഉറപ്പിച്ചത്. രണ്ട് അധിക സമയങ്ങളിലേക്ക് നീണ്ട ആണ്‍കുട്ടികളുടെ പോരാട്ടം ഏറ്റവും ആവേശകരമായ പോരാട്ടം നടന്നത് ആണ്‍കുട്ടികളുടെ ഫൈനലിലായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ മത്സരം നിശ്ചിത സമയത്തും ആദ്യ അധിക സമയത്തും സമനിലയില്‍ പിരിഞ്ഞു. രണ്ടാം എക്‌സ്ട്രാ പീരിയഡിലേക്ക് നീണ്ട മത്സരത്തില്‍ 119–112 എന്ന സ്‌കോറിന് തിരുവനന്തപുരത്തെ വീഴ്ത്തി തൃശൂര്‍ കിരീടം നിലനിര്‍ത്തി. തൃശൂരിന് വേണ്ടി അഭിനാദ് രാജേഷ് 44 പോയിന്റുകള്‍ നേടി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. തിരുവനന്തപുരത്തിന്റെ ജോയല്‍ ജോസ് 32 പോയിന്റുകള്‍ നേടി. ലൂസേഴ്‌സ് ഫൈനല്‍ (വെങ്കലം)
പെണ്‍കുട്ടികള്‍: വാശിയേറിയ പോരാട്ടത്തില്‍ കൊല്ലത്തെ 69–68 എന്ന സ്‌കോറിന് തോല്‍പ്പിച്ച് തിരുവനന്തപുരം വെങ്കലം നേടി. നിശ്ചിത സമയത്ത് സമനിലയിലായ (54–54) മത്സരം അധിക സമയത്താണ് തീരുമാനമായത്. തിരുവനന്തപുരത്തിനായി സായ എം. ജഹാംഗീര്‍ 33 പോയിന്റുകള്‍ നേടി. ആണ്‍കുട്ടികള്‍: ആലപ്പുഴയെ 88–73 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്വരൂപ് ഗിരീഷ് കോട്ടയത്തിനായി 39 പോയിന്റുകള്‍ നേടി. മികച്ച താരങ്ങള്‍ ( മികച്ച കളി കാരനായി) ചാമ്പ്യന്‍ഷിപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച തൃശൂരിന്റെ അഭിനാദ് രാജേഷിനെ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച താരമായും, കോഴിക്കോടിന്റെ കെ.അക്ഷരയെ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച താരമായും തിരഞ്ഞെടുത്തു. മികച്ച താരം (ആണ്‍കുട്ടികള്‍): അഭിനാദ് രാജേഷ് (തൃശൂര്‍) ഫൈനല്‍ പോരാട്ടത്തില്‍ തിരുവനന്തപുരത്തിനെതിരെ ഇരട്ട അധികസമയത്ത് തൃശൂരിന് വിജയം സമ്മാനിച്ചു. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, നിയുക്ത കാഞ്ഞങ്ങാട് എം.എല്‍.എ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാനും നഗരസഭാ അധ്യക്ഷനുമായ വി.വി. രമേശന്‍,
കെ.ബി.എ വൈസ് പ്രസിഡന്റ് ഷിഹാബ് നീറുങ്ങല്‍, ക്രെസ്റ്റ് സി.എം.ഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുഞ്ചയില്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി വി.ശ്രീനിവാസന്‍ സ്വാഗതവും കണ്‍വീനര്‍ ദിനേശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!