കേരള കാര്‍ഷിക സര്‍വ്വകലാശാല പടന്നക്കാട് കാര്‍ഷിക കോളേജില്‍  മാമ്പഴോത്സവം ‘മധുരം 2026’

കേരള കാര്‍ഷിക സര്‍വ്വകലാശാല പടന്നക്കാട് കാര്‍ഷിക കോളേജില്‍ യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന മലബാര്‍ മാംഗോ ഫെസ്റ്റ് ‘മധുരം 2026’ വിജയകരമായി മൂന്നാം ദിവസം പിന്നിട്ടു. മേളയുടെ അവസാന ദിവസമായ ഇന്ന് ഊര്‍ജം ഒട്ടും കുറയാതെ മാമ്പഴ വില്പനയും,
തൈ വില്പനയും, റാഹത്ത് ഫുഡ് കോര്‍ട്ടും, കാര്‍ഷിക പ്രദര്‍ശനവും മുന്നോട്ടുപോകുന്നുണ്ട്. വേനല്‍ ചൂടിനെ മറികടന്ന് മേള കാണാന്‍ കോളേജില്‍ എത്തുന്നവര്‍ക്ക് വേറിട്ട ഒരു കാഴ്ചതന്നെയാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്. ‘യുദ്ധത്തിന്റെ കയ്പ്പല്ല മാമ്പഴത്തിന്റെ മധുരം പടരട്ടെ ‘ എന്ന ആശയത്തോടുകൂടിയാണ് ഇത്തവണത്തെ മാംഗോ ഫെസ്റ്റ്. ഹിമപസന്ത്, നീലം ,ചക്കരക്കുട്ടി,റുമാനി,ബംഗനപ്പള്ളി തുടങ്ങിയ മാമ്പഴ ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.ഇവയ്ക്ക് പുറമെ നടശാല, പഞ്ചവര്‍ണം, കേസര്‍, മല്‍ഗോവ, മല്ലിക,അല്‍ഫോന്‍സോ,സിന്ദൂരം തുടങ്ങി ഇരുപതോളം മാമ്പഴ ഇനങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നേരിട്ട് നടത്തുന്ന ഭക്ഷ്യസ്റ്റാളുകളില്‍ മാംഗോ സാഗോ, മാംഗോ മസ്താനി തുടങ്ങിയ നവ്യമായ വിഭവങ്ങള്‍ ലഭ്യമാണ്. നാളികേര മിഷന്റെ സഹകരണത്തോടെ നീരയും അനുബന്ധ ഉല്‍പ്പന്നങ്ങളും മേളയില്‍ വിതരണം ചെയ്യുന്നുണ്ട്. കുറ്റിയാട്ടൂര്‍,നീലം,ഫിറാങ്കി,കൊളമ്പ് തുടങ്ങി വിവിധയിനം മാവിന്‍തൈകള്‍ക്കൊപ്പം അഭിയൂ,റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മംഗോസ്റ്റീന്‍, അവോക്കാഡോ തുടങ്ങിയ വിദേശ പഴവര്‍ഗങ്ങളുടെ തൈകളും മേളയുടെ പ്രധാന ആകര്‍ഷണമാണ്.സര്‍വ്വകലാശാലയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളുടെ വില്‍പനയും , നൂതന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഇ. എല്‍. പി. സ്റ്റാളുകളും മേളയുടെ പ്രധാന ആകര്‍ഷണമായി ഒരുക്കിയിട്ടുണ്ട്.വിവിധ കാര്‍ഷിക വിളകളുടെ വിത്തുകളും വില്‍പ്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മണ്ണ് പരിപാലനം ‘മണ്ണ് ജീവിച്ചാല്‍ വിളവ് സംസാരിക്കും’, വീട്ടു തോട്ടത്തിന് ശരിയായ പച്ചക്കറി തിരഞ്ഞെടുപ്പും പരിപാലനവും എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിച്ച ക്ലാസുകള്‍ ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് പുതിയ അറിവുകള്‍ പകരുന്നതായിരുന്നു.കാര്‍ഷിക അറിവുകള്‍ക്കൊപ്പം തന്നെ ആസ്വാദകര്‍ക്ക് മനോഹരമായ ഒരു കലാവിരുന്നും കഴിഞ്ഞദിവസം അരങ്ങേറി.പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞ ജയശ്രീ രാജീവും മറ്റു പ്രമുഖ വാദ്യകലാകാരന്മാരും അണിനിരന്ന രാഗമാലിക സംഗീത രാവ് കാണികളെ ആവേശഭരിതരാക്കി.

 

error: Content is protected !!