കള്ളാര്‍ കള്ളാര്‍ എ.എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര രചന പതിപ്പ് ‘മൊഴികിലുക്കം’ സ്കൂള്‍ മാനേജര്‍ പി സുബൈര്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീമതി മിസ്രിയ അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഒന്നാം ക്ലാസിലെ 11 കുട്ടികള്‍ ജൂണ്‍ മാസം മുതല്‍ മാര്‍ച്ച് മാസം വരെ പഠിച്ച പാഠഭാഗങ്ങളെ ആസ്പദമാക്കിയും, പ്രകൃതി സംബന്ധിയായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് രചനകള്‍ തയ്യാറാക്കിയത്. 23 പേജുള്ള പുസ്തകത്തില്‍ പൂമ്പാറ്റയെ കുറിച്ചും, പക്ഷികളെ കുറിച്ചും, മഴവില്ലിനെ കുറിച്ചുമുള്ള കുഞ്ഞുമനസ്സുകളുടെ ചിന്തകളും, സ്വപ്നങ്ങളും, അവയെ കുറിച്ചുള്ള പാട്ടുകളും കുഞ്ഞുങ്ങളുടെ രചനയില്‍ കാണാം. കൂടാതെ അവര്‍ വായിച്ച പുസ്തകത്തെക്കുറിച്ചുള്ള വിവരണം, അവരുടേതായ കുഞ്ഞു വര്‍ത്തമാനങ്ങള്‍, കാര്‍ട്ടൂണ്‍ ഡയറി, കുട്ടികളുടെ സംയുക്ത ഡയറി ഇതൊക്കെ ഉള്‍പ്പെട്ടതാണ് മൊഴി കിലുക്കം. കുട്ടികളുടെ രചനയില്‍ പ്രോത്സാഹനവുമായി അധ്യാപകരും കൂടെയുണ്ടായിരുന്നു. പ്രഥമാധ്യാപകന് റഫീഖ് എ, അധ്യാപകരായ കുഞ്ഞബ്ദുള്ള പി, ആശ എന്‍ , അതുല്യചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ബിനയ മാത്യു സ്വാഗതവും സുമ എം. വി നന്ദിയും പറഞ്ഞു
