സന്ദീപ് വാര്യര്‍ രണ്ടാമൂഴം, കെ.നീലകണ്ഠന് കന്നിയങ്കം

തൃക്കരിപ്പൂര്‍: സന്ദീപ് വാര്യര്‍ (43) കെപിസിസി വക്താവും ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യര്‍ ഇതു രണ്ടാംതവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷൊര്‍ണൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. പാലക്കാട് ഒറ്റപ്പാലം ചെത്തല്ലൂരിലെ വിമുക്തഭടനും തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററും ആയിരുന്ന എം.വി.ഗോവിന്ദവാര്യരുടെയും റിട്ട.അധ്യാപിക പരേതയായ എം.എം.രുഗ്മിണിയുടെയും മകനാണ്. കമ്പ്യൂട്ടര്‍ ഡിപ്ലോമ ബിരുദപഠനത്തിനുശേഷം സൗദിയില്‍ ആറുവര്‍ഷം ജോലി ചെയ്ത സന്ദീപ് നാട്ടിലെത്തിയശേഷം ബിജെപിയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന വക്താവ്, ഒറ്റപ്പാലം നിയോകമണ്ഡലം സെക്രട്ടറി, വീവേഴ്‌സ് സെല്‍ ദേശീയ നിര്‍വാഹകസമിതി ബോര്‍ഡ് അംഗം, ഓള്‍ ഇന്ത്യ ഹാന്‍ഡ്‌ലൂം ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിച്ചു. 2025ല്‍ ബിജെപി വിട്ട് കോണ്‍ഗ്രസിന്റെ ഭാഗമായി. ഭാര്യ ഷീജ പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയില്‍ ഉദ്യോഗസ്ഥയാണ്. ശ്രീഗോവിന്ദ് വാര്യര്‍ മകനാണ്.

ഉദുമ: കെ.നീലകണ്ഠന്‍ (60) നാലുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന രാഷ്ട്രീയജീവിതത്തിനൊടുവില്‍ നിയമസഭയിലേക്ക് കന്നിയങ്കം കുറിക്കാനൊരുങ്ങി കെപിസിസി ജനറല്‍ സെക്രട്ടറി കെ.നീലകണ്ഠന്‍. കാറഡുക്ക കൊളത്തിങ്കാലിലെ പരേതനായ ഇടയില്യം കൃഷ്ണന്‍ നായരുടെയും കെ.അമ്മാളുഅമ്മയുടെയും മകനാണ്. കെഎസ് യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ നീലകണ്ഠന്‍ ബിഎ ഇക്കണോമിക്‌സ്, എല്‍എല്‍ബി ബിരുദധാരിയാണ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, സംസ്ഥാന എക്‌സിക്യുട്ടീവംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ കെപിസിസി അംഗവും 2013 മുതല്‍ 25 വരെ കെപിസിസി സെക്രട്ടറിയുമായിരുന്നു. കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ബാങ്ക് വൈസ്പ്രസിഡന്റ്, ഡിടിപിസി അംഗം, ലാന്‍ഡ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കുടുംബശ്രീ മിഷന്‍ ജില്ലാ ചെയര്‍മാന്‍, സഹകരണ ജനാധിപത്യവേദി ജില്ലാ ചെയര്‍മാന്‍, കാസര്‍ഗോഡ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ടി.സിന്ധുവാണ് ഭാര്യ. ശ്രീഹരി, ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്.

 

error: Content is protected !!