കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭമണ്ഡലങ്ങളില്‍ നാലിടത്തും ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉദുമയില്‍ സി.എച്ച്.കുഞ്ഞമ്പു തുടര്‍ച്ചയായി രണ്ടാംവിജയം തേടിയിറങ്ങുമ്പോള്‍ തൃക്കരിപ്പൂരില്‍ വി.പി.പി.മുസ്തഫയും കാഞ്ഞങ്ങാട്ട് ഗോവിന്ദന് പള്ളിക്കാപ്പിലും മഞ്ചേശ്വരത്ത് കെ.ആര്.ജയാനന്ദയും തങ്ങളുടെ ആദ്യ നിയമസഭപോരാട്ടത്തിനാണ് കച്ചമുറുക്കുന്നത്. മൂന്നു ടേം പൂര്‍ത്തിയാക്കിയ സിപിഐയുടെ ഇ.ചന്ദ്രശേഖരനും രണ്ടു ടേം പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എം.രാജഗോപാലനും ഇത്തവണ മത്സരരംഗത്തില്ല. കാസര്‍കോട് നിയോജകമണ്ഡലത്തില്‍ ഐഎന്‍എലിന്റെ സീറ്റില്‍ മാത്രമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്.
‘ഗോവിന്ദന് പള്ളിക്കാപ്പില്‍ (60)
സിപിഐ ദേശീയ കൗണ്‍സിലംഗവും ബികെഎംയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഗോവിന്ദന് അജാനൂര്‍ രാവണീശ്വരം സ്വദേശിയാണ്. തിരുവനന്തപുരം ലോ കോളജില്‍ നിന്നും നിയമബിരുദവും നേടി. 1994ല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ഇടനീര്‍ ഗവ.ഹൈസ്കൂളില്‍ ജോലി ലഭിച്ചിരുന്നു. ഈ സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം, സിപിഐ ജില്ലാ സെക്രട്ടറി, ബികെഎംയു ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.നിലവില്‍ എഐടിയുസി സംസ്ഥാന സെക്രട്ടറിയാണ്. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് ഡയറക്ടര്‍ബോര്‍ഡ് അംഗമായിരുന്നു. നിലവില്‍ കെഎസ്എഫ്ഇ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 2000 മുതല്‍ 2005 വരെ അജാനൂര്‍ പഞ്ചായത്തംഗം, 2005 മുതല്‍ 2010വരെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ എസ്.കെ.രാമന്കെ.ശ്രീമതി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.വി. ഇന്ദിര റിട്ട. അധ്യാപികയാണ്. രേവതിയാണ് മകള്‍.
വി.പി.പി.മുസ്തഫ (53)
സിപിഎം ജില്ലാ സെകട്ടറിയേറ്റംഗമായ മുസ്തഫ സ്കൂള്‍പഠനകാലത്ത് എംഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കോളജ് പഠനകാലത്ത് ഇടതുപക്ഷത്തിന്റെ ഭാഗമായി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും എല്‍എല്‍ബിയും നേടി. 2000 മുതല്‍ 2010 വരെയും 2015 മുതല്‍ 2020 വരെയുമായി മൂന്നുതവണ ജില്ലാ പഞ്ചായത്തംഗമായി. 201015 കാലയളവില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. 15 വര്‍ഷം ജില്ലാ ആസൂത്രണ സമിതി അംഗമായും പ്രവര്‍ത്തിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ്, ഹരിതകര്‍മസേന തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, കെഎസ്ഇബി കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റിയംഗം തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു. തൃക്കരിപ്പൂര്‍ വള്‍വക്കാട്ടെ റിട്ട.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വി.പി.അബ്ദുള്‍ ഖാദറിന്റെയും വി.പി.പി.ബീഫാത്തിമയുടെയും മകനാണ്. സീനിയ മാഹിനാണ് ഭാര്യ. മകന് അലന് പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലെ ബിരുദവിദ്യാര്‍ഥിയാണ്.
സി.എച്ച്.കുഞ്ഞമ്പു (66)
മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയാണ് 2006ല്‍ ആദ്യമായി സി.എച്ച്.കുഞ്ഞമ്പു നിയമസഭയിലെത്തുന്നത്. ബാലസംഘത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കാസര് കോട് ഗവ.കോളജില്‍ നിന്നു ബിരുദവും മംഗളുരു എസ്ഡിഎം ലോ കോളേജില്‍നിന്ന് എല്‍എല്‍ബി ബിരുദവും നേടി. എസ്എഫ്ഐ അവിഭക്ത കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, സിപിഎം കാസര് കോട് ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ബേഡഡുക്ക ബീംബുങ്കാലിലെ പരേതരായ അമ്പു കാരണവരുടെയും കുഞ്ഞമ്മാര് അമ്മയുടെയുടെയും മകനാണ്. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എം.സുമതിയാണ് ഭാര്യ. മകള്‍ കെ.എസ്. ശ്രുതി ബംഗളുരു വിപ്രോയില്‍ എന്‍ജിനിയറാണ്.
കെ.ആര്.ജയാനന്ദ(58)
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗമായ ജയാനന്ദ എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്.
എസ്എസ്എല്‍സി പഠനത്തിനുശേഷം ചാരായഷാപ്പ്, ബീഡി തെറുപ്പ് തൊഴിലുകളില്‍ ഏര്‍പ്പെട്ടു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മഞ്ചേശ്വരം പഞ്ചായത്തംഗം, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കമ്മിറ്റി സെക്രട്ടറിയായിരുന്നു. 2023 മുതല്‍ തുളു അക്കാദമി ചെയര്‍മാനുമായും പ്രവര്‍ത്തിക്കുന്നു. മഞ്ചേശ്വരം ദിനേശ് ബീഡി സൊസൈറ്റി പ്രസിഡന്റ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഹോസ്പിറ്റല്‍ ഫെഡറേഷന് ഡയറക്ടര്‍, കാസര് കോട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് , താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മഞ്ചേശ്വരം ഉദ്യാവര്മാടയിലെ പരേതനായ രാമപ്പയുടെയും അമ്മ ദേവകിയുടെയും മകനാണ്. അവിവാഹിതനാണ്.
