ഇറാന്റെ പരമാധികാരത്തിനു മേലുള്ള അമേരിക്കന്‍ അധിനിവേശത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു . നിസ്സഹായരായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ് എപ്പോഴും യുദ്ധത്തിന്റെ ഇരകളായി മാറുന്നത്. ഈ യുദ്ധത്തിലും അനേകം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ജീവന് നഷ്ടമായി കഴിഞ്ഞു. വിനാശകരമായ ഈ പോരാട്ടം നയിക്കുന്നവര്‍ മനുഷ്യവംശത്തിന്റെ ഭാവിയോടാണ് ഏറ്റുമുട്ടുന്നത്. അതുകൊണ്ട് ഇനി ഒരു നിമിഷം പോലും വൈകാതെ ഈ ഹീനമായ കുറ്റകൃത്യം അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
അന്താരാഷ്ട്ര ബന്ധങ്ങളുടെയും യുദ്ധങ്ങളുടെയും കാര്യത്തില്‍ ഇന്ത്യ എക്കാലവും നീതിയുക്തവും പക്ഷപാതരഹിതവുമായ നിലപാടുകള്‍ സ്വീകരിച്ചു വന്നിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യയുടെ ഇത്തരം ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുള്ള ലോകരാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളേണ്ടത്. ലോകത്ത് സമാധാനം ഉറപ്പുവരുത്തുവാന്‍ ഇന്ത്യന്‍ ഭരണകൂടം രാഷ്ട്രത്തലവന്മാരോട് സമ്മര്‍ദ്ദം ചെലുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ആവശ്യപ്പെട്ടു.
കെപിസിസിയുടെ ആഹ്വാനപ്രകാരം യുദ്ധ ഭീകരതയ്ക്കെതിരെ മനുഷ്യരാശിയുടെ സമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ മെഴുകുതിരി തെളിയിച്ചുകൊണ്ട് സംഘടിപ്പിച്ച ‘സമാധാന സംഗമ സദസ്സ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കിം കുന്നില്‍, സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി, ഡിസിസി ഭാരവാഹികളായ സാജിദ് മൗവ്വല്‍, ബി. പി പ്രദീപ് കുമാര്‍, അഡ്വ: പി. വി സുരേഷ്, ഹരീഷ് പി നായര്‍, കെ ഖാലിദ്, നേതാക്കളായ ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, കെ കെ ബാബു, വി. ഗോപി, ഡോ: കെ. വി ശശിധരന്, എം. കുഞ്ഞികൃഷ്ണന്, സി.വി ഭാവനന്‍, മനോജ് തോമസ്, വി. രാധാകൃഷ്ണന്, ഡി. എം സുകുമാരന്‍, അര്ജുനന് തായലങ്ങാടി, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കെ. കുഞ്ഞിരാമന് മാസ്റ്റര്‍, എക്കാല്‍ കുഞ്ഞിരാമന്, വിമല കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
