വായനശാല പരിപാടിക്കിടയില്‍ കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേര്‍ക്ക് പരിക്ക്; പന്നിയെ ഷൂട്ടര്‍മാര്‍ വെടിവച്ചു കൊന്നു

നീലേശ്വരം :വായനശാലയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓര്‍ക്കാപ്പുറത്ത് ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വായനശാല സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 6 .30 ഓടെയാണ് സംഭവം. ചായ്യോത്ത് സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു വിജ്ഞാന വികസന സദസിന്റെ സമാപനത്തിനിടെ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വായനശാല സെക്രട്ടറി പി ബാബുരാജന്‍ മാസ്റ്റര്‍, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റര്‍, വി അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ബാബുരാജന്‍ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേര്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്. പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേരാണ് പരിപാടി വീക്ഷിക്കാന്‍ എത്തിയിരുന്നത്. ഭീതി പരത്തിയ അക്രമണ കാരിയായ പന്നിയെ രാത്രി തന്നെ ഷൂട്ടര്‍മാര്‍ വെടിവച്ചു കൊന്നു.

 

error: Content is protected !!