സ്വര താളലയത്തില്‍ അലിഞ്ഞ് കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം 21 ാം വര്‍ഷത്തിലേക്ക്; ജനപ്രതിനിധികള്‍ക്ക് ആദരവും നല്‍കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ കലാസാംസ്‌കാരിക മേഖലയില്‍ കൂട്ടായ്മയിലൂടെ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി നിരവധി പുരസ്‌കാരങ്ങള്‍ നേടി 21 ാം വര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കലാസാംസ്‌കാരിക കൂട്ടായ്മയായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ 2026 വര്‍ഷത്തെ പ്രതിമാസ പരിപാടികള്‍ക്ക് തുടക്കമായി. പുതിയ പ്രതിഭകളെ കണ്ടെത്തുന്ന സംസ്ഥാനതല സംഗീത മത്സരം ഉള്‍പ്പെടെ നിരവധി സംഗീത പരിപാടികള്‍, നാടകോത്സവം, ദേശീയ ഫിലിം ഫെസ്റ്റിവല്‍,നൃത്ത പരിപാടികള്‍,നാടക ക്യാമ്പുകള്‍, തുടങ്ങി നിരവധി വ്യത്യസ്ത പരിപാടികളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രതിമാസ പരിപാടികളില്‍ ആര്‍ട്ട് ഫോറം സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാടിന്റെ കേന്ദ്രമായ ആലാമി പള്ളി രാജ് റെസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് കലാസാംസ്‌കാരിക പരിപാടികള്‍ നടത്തുന്നത്.ഈ വര്‍ഷത്തെ കലാസാംസ്‌കാരിക പരിപാടികള്‍ക്കു മുന്നോടിയായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ആര്‍ട്ട് ഫോറം അംഗങ്ങളെ ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, കൗണ്‍സിലര്‍മാരായ എം പ്രശാന്ത്, പി ഹുസൈന്‍, അനില്‍ വാഴുന്നോറടി, പി വി ചന്ദ്രന്‍, എം ബല്‍രാജ്, സൗമ്യ സുനില്‍, പി വി മണി, എന്‍ ഉണ്ണികൃഷ്ണന്‍, ശ്രീരാമന്‍ അവിയില്‍, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ പി യു രാമകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ സി കെ ശ്രീധരന്‍, എം സി ജോസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ആര്‍ട്ട് ഫോറം പ്രസിഡന്റ് വി സുരേഷ് മോഹന്‍ അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പിന്നണി ഗായകന്‍ കെ കെ നിഷാദിന്റെ നേതൃത്വത്തില്‍ നിരവധി ഗായകരെ അണിനിരത്തി മാനന്തവാടി രാഗ തരംഗ് ഓര്‍ക്കസ്യുടെ സംഗീതനിശ അരങ്ങേറി. വന്‍ ജനപങ്കാളിത്തത്തില്‍ നാലുമണിക്കൂര്‍ നീണ്ടുനിന്ന സംഗീത പരിപാടിയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചു.

 

error: Content is protected !!