കോടതി ജീവനക്കാര്‍ ക്ഷമയും വിനയവും കാത്തു സൂക്ഷിക്കണം :ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍

കാഞ്ഞങ്ങാട് :സിവില്‍ കോടതി ജീവനക്കാര്‍ തങ്ങളെ സമീപിക്കുന്ന ആളുകളോട് ക്ഷമയോടെയും വിനയത്തോടെയും ഇടപെടണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാണിക്കോത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ കേരള സിവില്‍ ജുഡീ ഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍(കെ സി ജെ എസ് ഒ) 32മത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഏത് സാഹചര്യത്തിലും ചിരി കൈ വിടാതെ സൂക്ഷിച്ചാല്‍ ജോലി ഭാരം മൂലമുള്ള മാനസിക സമ്മര്‍ദങ്ങളെ അതി ജീവിക്കാന്‍ കഴിയും. സിവില്‍ കോടതി ജീവനക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ കഷ്ടപ്പാടുകള്‍ ഇതിലും വലുതാണെന്ന് മനസ്സിലാക്കണം.മറ്റുള്ളവര്‍ ചെയ്യുന്ന ജോലിയെ ബഹുമാനിക്കുന്ന ശീലം നമ്മള്‍ വളര്‍ത്തിയെടുക്കണം. കൊടും വെയിലില്‍ ദേശീയ പാതനിര്‍മ്മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നടത്തുന്ന കഠിനാധ്വാനത്തെ കുറിച്ച് ചിന്തിച്ചാല്‍ നമ്മളുടെ കഷ്ടപ്പാടുകള്‍ നിസാരമാണെന്ന് ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.കെ. സി. ജെ. എസ്. ഒ. സംസ്ഥാന പ്രസിഡന്റ് ഇ. എ. ദിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി. മുഖ്യപ്രഭാഷണം നടത്തി. എം. എല്‍ എ . മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍. എ. നെല്ലിക്കുന്ന്, ആള്‍ ഇന്ത്യ ജുഡീഷ്യല്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് രാജു ഭായ് പി ബ്രഹ്‌മഭട്ട്, ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. നാരായണന്‍, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ. ഗോപാലന്‍ നായര്‍, അഡ്വ. കെ. ശ്രീകാന്ത്, ആള്‍ ഇന്ത്യ ജുഡീഷ്യല്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എച്ച്. എ. നാഗേഷ്, കാസര്‍കോട് അഡ്വ.ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ സെക്രട്ടറി വി. ബാബു എന്നിവര്‍ സംസാരിച്ചു. കെ. സി. ജെ. എസ്. ഒ. സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ജീവേഷ് സ്വാഗതവും സെക്രട്ടറി എച്ച്. വി. ദയാനന്ദ നന്ദിയുംപറഞ്ഞു.

error: Content is protected !!