കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: കേരള കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്. എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള 2025 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ കാസറഗോഡ് ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഹാളില്‍ വച്ച് നടന്നു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എന്‍.ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ എസ്. എസ്. എല്‍. സി, ടി. എച്ച്. എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ 1110 വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിന് അര്‍ഹരായത്. 113 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വച്ച് നേരിട്ട് തുക കൈമാറി. ബാക്കി ഉള്ളവര്‍ക്കുള്ള ആനുകൂല്യതുക അംഗത്തിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ ജില്ലയില്‍ വിദ്യാഭ്യാസ ധനസഹായമായി ആകെ 33,52,000/- രൂപയാണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ (കെ.എസ്.കെ.ടി.യു), എ.വാസുദേവന്‍ നായര്‍ (ഡി.കെ.ടി.എഫ്), ഗംഗാധരന്‍ പള്ളിക്കാപ്പില്‍ (ബി.കെ.എം.യു),ടി.സുനില്‍ കുമാര്‍ (ബി.എം.എസ്.), കെ. അമ്പാടി (എച്ച്. എം. എസ്),ടി കൃഷ്ണന്‍ (കെ.എസ്. കെ. ടി. എഫ്) എന്നിവര്‍ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍കെ. എസ്. മുഹമ്മദ് സിയാദ് സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ആര്‍.വിപിന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!