ചിറ്റാരിക്കാല്‍ : കാലവര്‍ഷത്തെ ദുരിതമനുഭവിക്കുന്നവര്‍ക്കായി തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ കയറി ക്യാമ്പ് തകര്‍ക്കുമെന്നും ഉദ്യോഗസ്ഥരെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പറമ്പയിലെ ശ്യാം കമാല്‍ (26) നെയാണ് ചിറ്റാരിക്കാല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30 മണിയോടയാണ് കേസിനാസ്പദമായ സംഭവം. മാലോം പറമ്പ ജി എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ ശ്യാം കമല്‍ ക്യാമ്പ് തകര്‍ക്കുമെന്നും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആര്‍. രജിത്തിനെയും മാലോത്ത് വില്ലേജ് ഓഫീസര്‍ എലിയാസ് ദാസിനെയും വധിക്കുമെന്നായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി കോഴിച്ചാല്‍ പുത്തന്‍വീട്ടില്‍ ആര്‍. രജിത്തിന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിന് പ്രതിയുടെ പേരില്‍
ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത ശേഷം പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
