ആകാശദുരന്തം: മലയാളി നേഴ്‌സിന് എതിരെ അശ്ലീല പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്ത്

കാഞ്ഞങ്ങാട് : നായര്‍ സമുദായത്തെ അപമാനിക്കുന്ന രീതിയിലും, അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച സമുദായ അംഗത്തിന് നേരെ അശ്ലീല പോസ്റ്റിട്ട റവന്യൂ വകുപ്പിലെ ജീവനക്കാരന്‍ എ. പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി അജാനൂര്‍ കരയോഗം ആവശ്യപ്പെട്ടു. നായര്‍ സമുദായ അംഗങ്ങള്‍ക്ക് നേരെ അദ്ദേഹം നിരന്തരം നടത്തുന്ന പോസ്റ്റുകള്‍ കണ്ടില്ലെന്ന് നടിക്കുവാന്‍ എന്‍ എസ്സ്.എസ്സിനാവില്ലെന്ന് കരയോഗത്തില്‍ ചേര്‍ന്ന അടിയന്തര പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി. യോഗത്തില്‍ കരയോഗം പ്രസിഡന്റ് പി ദിവാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുഞ്ഞുണ്ണി നായര്‍, ട്രഷറര്‍ പി. നാരായണന്‍കുട്ടി നായര്‍ സംസാരിച്ചു.

പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം: എന്‍ടിയു


കാഞ്ഞങ്ങാട് : വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ജില്ലാ പ്രസിഡണ്ട് ടി. കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇത്തരം ഉദ്യോഗസ്ഥന്മാര്‍ ജീവനക്കാര്‍ക്ക് തന്നെ അപമാനകരമാണ്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മദ്യപിച്ചാണ് ഇയാള്‍ ഓഫീസില്‍ എത്തുന്നത് എന്നതും വളരെ ഗൗരവമുള്ള വിഷയമാണ്. സ്ത്രീത്വത്തെ അപമാനിക്കുകയും ജാത്യധിക്ഷേപം നടത്തുകയും ചെയ്ത ഇയാള്‍ സര്‍വീസില്‍ തുടരുന്നത് ജില്ലക്ക് തന്നെ അപമാനകരമാണെന്നും സര്‍വീസില്‍ നിന്ന് ഉടന്‍ പിരിച്ചുവിടണമെന്നും ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: മഹിള ഐക്യവേദി

കാഞ്ഞങ്ങാട് :
അഹമ്മദാബാദ് വിമാന അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട രഞ്ജിതയെ അപമാനിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കമന്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍ന്ന് പ്രക്ഷോഭവുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും മഹിള ഐക്യവേദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്ത്രീ സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞ് മുറവിളികൂട്ടുന്ന ഈ കാലഘട്ടത്തില്‍ ഇവനെപ്പോലുള്ളവര്‍ കേരളത്തിന് തന്നെ അപമാനമാണെന്നും മഹിള ഐക്യവേദി സംസ്ഥാന ഖജാന്‍ജി ഓമന മുരളി പറഞ്ഞു. യോഗത്തില്‍ ജില്ല അദ്ധ്യക്ഷ വാസന്തി കുമ്പള, ശ്രുതി, ശോഭന, ഉഷ എന്നിവര്‍ സംസാരിച്ചു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണം: എന്‍.എസ്.എസ്.

നീലേശ്വരം: അഹമ്മദാബാദില്‍ ഉണ്ടായ വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിത താ ജി നായരെ പറ്റിയും, നായര്‍ സമുദായ സ്ത്രീ കളെ കുറിച്ചും സഭ്യമല്ലാത്ത പരാമര്‍ശം ഫേസ്ബുക്കില്‍ കമന്റിട്ട ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെതിരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള നടപടി സ്വീകരിക്കണമെന്ന് നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ എന്‍.എസ്.എസ്. കരയോഗം ആവശ്യപ്പെട്ടു. വിവാദ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു. സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഇദ്ദേഹത്തെ പോലെയുള്ള ഉയര്‍ന്ന പദവിയിലിരിക്കുന്ന ഒരാളുടെ പരാമര്‍ശം തികച്ചും മോശമായ രീതിയിലാണെന്ന് യോഗം വിലയിരുത്തി. സ്ത്രീത്വത്തെ അപമാനിച്ച ഇദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുകയും ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് മാത്രമല്ല ഡിസ്മിസ് ചെയ്യണമെന്നു കൂടി യോഗം ഐകകണ്‌ഠേനആവശ്യപ്പെട്ടു.

error: Content is protected !!