വ്യാപാരികളുടെ പ്രയാസങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുക; കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി നിവേദനങ്ങള്‍ നല്‍കി

കാഞ്ഞങ്ങാട്:-കാഞ്ഞങ്ങാട്ട വ്യാപാരികള്‍ നേരിടുന്ന വിവിധങ്ങളായ പ്രയാസങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരസഭ , ഹൊസ്ദുര്‍ഗ് പോലീസ്,ആര്‍ ടി ഒ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി.കോണ്‍ക്രീറ്റ് ജോലിക്ക് വേണ്ടി ഏപ്രില്‍ 1 മുതല്‍ അടച്ചിട്ട കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കണമെന്നും, കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഫുഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും,ട്രാഫിക് നിയന്ത്രിക്കുന്നതിന് പകല്‍ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്നും, ,നിയമനടപടികള്‍ സ്വീകരിച്ചു വാടക നല്‍കിയും ഉപജീവനത്തിനായി വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന രീതിയില്‍ ഉത്സവകാലത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നടത്തുന്ന വഴിയോര വ്യാപാരം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി സമിതി നേതാക്കന്മാരായ ടി സത്യന്‍, കെ വി സുകുമാരന്‍, കെ വി ദിനേശന്‍, എം ഗംഗാധരന്‍, അനിത രമേശന്‍,എന്‍ മധുസൂദനന്‍, സോണിജോസഫ് തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!