എക്കാല്‍ തറവാട് : വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

പുല്ലൂര്‍ : 160 വര്‍ഷങ്ങള്‍ക്ക് ശേഷം കേളോത്ത് എക്കാല്‍ തറവാട് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് തുടക്കമായി. തെയ്യം കെട്ടിന് മുന്നോടിയായി വിവിധ കമ്മിറ്റികളുടെ കലവറ ഘോഷയാത്ര എത്തി. തറവാട്ട് കാരണവര്‍ പി.കെ. ഗോപാലന്റെ നേതൃത്വത്തില്‍ കന്നികലവറനിറച്ചു. പിന്നീട് കോയ്മ തറവാടായ പള്ളയില്‍ തറവാട്ട് അംഗങ്ങള്‍ കലവറനിറച്ചു. അടോട്ട് മൂത്തേടത്ത് കുതിര് പാടാര്‍ കുളങ്ങര ഭഗവതി പഴയ സ്ഥാന കമ്മിറ്റിയും പ്രാദേശിക സമിതികളും കലവറ വിഭവങ്ങളുമായെത്തി. തുടര്‍ന്ന് 12 ഓളം ദേവസ്ഥാനങ്ങളില്‍ നിന്നും തറവാടുകളില്‍ നിന്നും കലവറനിറച്ചു.

വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനവും സോവനീര്‍ പ്രകാശനവും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൈവീത് ഭക്തിഗാന സി.ഡി. തയ്യാറാക്കിയ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉത്തംദാസ്, ലോഗോ തയ്യാറാക്കിയ ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ എന്നിവരെ ആദരിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ അധ്യക്ഷനായി. എഴുത്തുകാരന്‍ വത്സന്‍ പിലിക്കോട് അധ്യാത്മിക പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍, പി.പ്രീതി എ. ഷീബ, സി കൊട്ടന്‍ കുഞ്ഞി സി.കെ. വിജയന്‍, ഭാസ്‌ക്കരന്‍ ചാലിങ്കാല്‍, ടി വി സുരേഷ് കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാത്രി ഏഴുമുതല്‍ തറവാട് കളിയാട്ടം നടക്കും. ഏഴിന് വിഷ്ണു മൂര്‍ത്തിയുടെ തിടങ്ങല്‍, പുലര്‍ച്ചെ രണ്ടിന് പൊട്ടന്‍ ദൈവം, നാളെ രാവിലെ 10ന് വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തും. രാത്രി ഒന്‍പതിന് വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ ഭാഗമായുള്ള തോറ്റം. 12 ന് വൈകിട്ട് നാലിന് കേളോത്ത് വയലിലൊരുക്കിയ മറക്കളത്തില്‍ തെയ്യങ്ങള്‍ എത്തും. നാലിന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി എട്ടിന് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ,ബപ്പിടല്‍ ചടങ്ങ്, രാത്രി 10 ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, 11 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം 13 ന് രാവിലെ ഒന്‍പതിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്, 10ന് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, ഉച്ചയ്ക്ക് 12 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, വൈകിട്ട് മൂന്നിന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട്, തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10 ന് മറ പിളര്‍ക്കല്‍ ചടങ്ങോടെ വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്സമാപനമാകും.

error: Content is protected !!