കാഞ്ഞങ്ങാട്: 60 വയസ്സിലും നാടോടി നൃത്ത രംഗത്ത് തിളങ്ങി വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നൃത്ത ടീമിലെ 60 വയസ്സുകാരികള്‍. കാഞ്ഞങ്ങാട് നഗരസഭ ആലാമപ്പിള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ കുടുംബശ്രീ ഭക്ഷ്യ മേളയോട് അനുബന്ധിച്ചാണ് അജാനൂര്‍ സി.ഡി.എസ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജനങ്ങളായ സ്ത്രീകള്‍ നാടോടി നൃത്തം അവതരിപ്പിച്ച് കാണികളുടെ പ്രശംസ നേടിയത്. അജാനൂര്‍ സി.ഡി.എസ് പ്രവര്‍ത്തകരായ വിശ്വഭാരതി ക്ലബ്ബ് അംഗങ്ങളായ ശ്യാമള, കാര്‍ത്യായണി, നാരായണി, ലക്ഷ്മി, സരോജിനി, ലക്ഷ്മി, ശാരദ, ലക്ഷ്മി എന്നീ 8 പേര്‍ ചേര്‍ന്നാണ് നാടോടി നൃത്തം അവതരിപ്പിച്ചത്. വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി രാമചന്ദ്രന്‍ വേലാശ്വരമാണ് ഇവരെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ദിവസം അജാനൂര്‍ പഞ്ചായത്ത് നടത്തിയ വയോജന സംഗമത്തിലും ഇവര്‍ നാടോടി നൃത്തം അവതരിപ്പിച്ചു. പരിപാടി വന്‍ വിജയമായതോടു കൂടി കൂടുതല്‍ അവസരങ്ങള്‍ തങ്ങളെ തേടി എത്തുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു.
അറുപതിലും പതിനെട്ടിന്റെ ചെറുപ്പത്തിലുള്ള ചുവടുകള്‍ വച്ച് നാടോടി നൃത്തമാടി വേലാശ്വരം വിശ്വഭാരതി ക്ലബ്ബ് ടീം
