local news

കാലത്തിന്റെ സാക്ഷിയായി അവരെത്തി വാക്കും വെളിച്ചവുമായി

പാലായി (നീലേശ്വരം): വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് അവരെത്തി പുതിയ തലമുറയോടൊപ്പം അവരുടെ അനുഭവങ്ങളുടെ ചൂടും ചൂരും പങ്കുവെക്കാന്‍. കൂട്ടുചേര്‍ന്ന് രൂപപ്പെടുത്തിയ കൂട്ടായ്മയുടെ ചരിത്രം പറയാന്‍. ബാലസംഘം കെട്ടിപ്പടുക്കുന്നതില്‍ നിസ്വാര്‍ഥം പ്രയത്‌നിച്ച പഴയകാല നേതാക്കന്മാര്‍, സംസ്ഥാന – ജില്ലാ ഭാരവാഹികള്‍, വിവിധ കമ്മിറ്റി ഭാരവാഹികള്‍, ഉള്‍പ്പെടെയുള്ള പഴയകാല തലമുറ പാലായിയുടെ ചരിത്രഭൂമികയില്‍ ആദ്യമായി ഒത്തുകൂടി. ബാലസംലത്തിന്റെ ചരിത്രത്തില്‍ പുതിയൊരു ഏടായി ഇത് മാറി. ബാലസംഘത്തിന്റെ എട്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടി പഴയകാല നേതൃസംഗമം കാലം സാക്ഷി – വാക്കും വെളിച്ചവും വൈവിധ്യമാര്‍ന്ന പരിപാടിയായി. ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ വേദിയില്‍ പങ്കിട്ടു. പാലായിയിലെ സമ്മേളനം ബാലസംഘത്തിന്റെ ചരിത്രത്തില്‍ മറ്റൊരു ഘട്ടമാണെന്ന് ദേശാഭിമാനി ബാലസംഘം കൊല്ലം ജില്ലയുടെ ആദ്യ സെക്രട്ടറിയും പിന്നീട് സംസ്ഥാന കമ്മിയംഗവുമായിരുന്ന അഡ്വ. കെ അനില്‍കുമാര്‍ പറഞ്ഞു. 1987 ല്‍ കൂനൂരില്‍ നടന്ന സമ്മേളനത്തിലാണ് കലയിലൂടെ കുട്ടികളിലേക്കിറങ്ങിചെല്ലാന്‍ തീരുമാനിച്ചത്. 2026 ലെ സമ്മേളനം പുതിയ കാലത്തെ കുട്ടികള്‍ക്കനുസരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്ന് ബാലസംഘവും പഞ്ചവത്സര പദ്ധതിയും എന്ന വിഷയമവതരിപ്പിച്ച് അനില്‍കുമാര്‍ പറഞ്ഞു. ജാതിമത സംഘടനകള്‍ കോട്ടകെട്ടി കുട്ടികളെ കൂട്ടിലാക്കിയിരിക്കുന്ന ഇന്നത്തെ കാലത്ത് അതിന് എതിരെയാണ് ബാലസംഘം പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ കാല പ്രവര്‍ത്തനം അനുഭവ കരുത്ത് എന്ന വിഷയമവതരിപ്പിച്ച് ബാലസംഘത്തിന്റെ – പഠിച്ചു നന്നാവണം എന്ന മുദ്രാവാക്യമാണ് തന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് കാരണമായതെന്ന് ഡി ബി എസ് കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്ന അഡ്വ.സി എച്ച് കുഞ്ഞമ്പു പറഞ്ഞു. സംസാരിച്ചവരെല്ലാം തങ്ങളുടെ ജീവിതത്തില്‍ ബാലസംഘം പ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ചടുത്ത കരുത്തും സാമൂഹ്യ- രാഷ്ട്രീയ ബോധവും നേട്ടമായതായി വ്യക്തമാക്കി. പുതിയ കാലത്തിന്റെ മറ്റത്തിനനുസരിച്ച് ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും സംഘടനാ സമീപനങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായ മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. പഴയ കാലത്തെപ്പോലെയല്ല ആധുനിക കാലത്ത് കുട്ടികളെ പുതിയ വെല്ലുവിളികള്‍ നേരിടുന്നവരായി മാറ്റാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെ കടന്നാക്രമണങ്ങള്‍ കേരളത്തില്‍ കാര്യമായി ഏശാതെ പോയത് അതൊരു സോഷ്യല്‍ സയന്‍സ് ആയതു കൊണ്ടാണന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ദേശാഭിമാനി ബാലസംഘം അവിഭക്ത ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ എം രാജ ഗോപാലന്‍ അധ്യക്ഷനായി. കാസര്‍ക്കോട് ബാലസംഘം ആദ്യ വനിത സെക്രട്ടറി ഋഷിത സി പവിത്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കരുണാകരന്‍, കെ പി സതീഷ് ചന്ദ്രന്‍, അഡ്വ.സി എച്ച് കുഞ്ഞമ്പു, അഡ്വ.കെ അനില്‍കുമാര്‍, ശശിധരന്‍ തലശ്ശേരി, സുരേഷ് ബാബു തലശ്ശേരി, കരിവെള്ളൂര്‍ മുരളി, പ്രഭാകരന്‍ പഴശ്ശി, കെ വി കുഞ്ഞിരാമന്‍, പത്മന്‍ കോഴൂര്‍, അജയകുമാര്‍ കോഴിക്കോട്, റസൂല്‍ സലാം മലപ്പുറം, കെ ജഗദാനന്ദന്‍, വി രവീന്ദ്രന്‍, കെ വി ശ്രീധരന്‍ കണ്ണപുരം, പി കെ ശിവപ്രകാശ് വടകര, കെ ബാലകൃഷ്ണന്‍ കണ്ണൂര്‍, സി അമ്പുരാജ്, കെ വേണുഗോപാലന്‍, പി കമലഹാസന്‍, അഡ്വ.പി എം ആതിര എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ബാലസംഘം 1991-93 കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്ന ആനക്കൈ ബാലകൃഷ്ണന്‍ സ്വാഗതവും നിലവിലെ ജില്ല സെക്രട്ടറി ആദര്‍ശ് ബേപ്പ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉദയന്‍ കുണ്ടംകുഴി, സുബാഷ് അറുകര തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാടന്‍ കലാമേളയും അരങ്ങേറി.

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടി
ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടി പഴയകാല നേതൃസംഗമം കാലം സാക്ഷി – വാക്കും വെളിച്ചവും
പ്രശസ്ത കവി മുരുഗന്‍ കാട്ടാക്കട ഉദ്ഘാടനവും മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യ പ്രഭാഷണവും നടത്തി

 

error: Content is protected !!